കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയുണ്ടായ മാധ്യമവിചാരണകളും ചാനല്‍ ചര്‍ച്ചകളും സിനിമാ മേഖലയെ പ്രതികൂലമായി ബാധിച്ചെന്നാരോപിച്ച് ചാനല്‍ ബഹിഷ്‌കരണമെന്ന തീരുമാനവുമായി സിനിമാ താരങ്ങള്‍.

ഇത്തവണത്തെ ഓണത്തിന് ചാനലില്‍ വന്നിരുന്ന് ഒരു താരങ്ങളും ഒരുപരിപാടിയിലും പങ്കെടുക്കേണ്ടെന്നാണ് അനൗദ്യോഗിക തീരുമാനമെന്ന് താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


Dont Miss ജയിലില്‍ തുണിയലക്കാനും മുറിവൃത്തിയാക്കാനും സഹായി, പ്രത്യേക ഭക്ഷണം: ദിലീപിന് ലഭിക്കുന്നത് വി.ഐ.പി പരിഗണന


പുതിയ റിലീസ് സിനിമകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ചാനലുകളിലും പോകേണ്ടെന്ന തീരുമാനത്തിലാണ് മലയാളതാരങ്ങള്‍. സാധാരണ ഗതിയില്‍ ഓണക്കാലത്ത് സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിരവധി പരിപാടികളാണ് വിവിധ ചാനലുകളില്‍ വരാറുള്ളത്. ചാനലുകളെ സംബന്ധിച്ച് വലിയ റേറ്റിങ് ലഭിക്കുന്ന സമയവുമാണ് ഓണക്കാലം.

പുതിയ ചിത്രത്തിന്റെ റിലീസിങ് പങ്കുവെക്കാന്‍ സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ചാനല്‍ ഷോകളില്‍ എത്താറുമുണ്ട്. എന്നാല്‍ നിലവിലെ പശ്ചാത്തലത്തില്‍ അത്തരത്തില്‍ ചാനലുകളുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലാണ് താരങ്ങള്‍. മാത്രമല്ല നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പ്രമുഖതാരങ്ങളൊന്നും പങ്കെടുക്കാറുമില്ല.