തിരുവനന്തപുരം: സിമന്റ് ഹോള്‍സെയില്‍, റീട്ടെയില്‍ ഡീലര്‍മാര്‍ നടത്തുന്ന സമരം 10 ദിവസം പിന്നിട്ടതോടെ സംസ്ഥാനത്താകെ സിമന്റ് ക്ഷാമം തുടങ്ങി. സമരം തുടങ്ങും മുന്‍പ് ചാക്കിന് 350 രൂപയായിരുന്ന ഒരു ചാക്ക് സിമന്റിന് ഇപ്പോള്‍ കരിഞ്ചന്തയില്‍ 450 രൂപമുതല്‍ 600 രൂപവരെയാണ് വില.

Ads By Google

ഇതിനാല്‍ തന്നെ കെട്ടിടനിര്‍മാണം ഏതാണ്ട് പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. എന്നിട്ടും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിനും പത്ത് ദിവസത്തെ ഉത്പാദനം നടക്കാത്തത് മൂലം ഏകദേശം 12 കോടിയുടെ നഷ്ടമുണ്ട്.

നേരത്തെ ഉത്പാദിപ്പിച്ച 8000 ടണ്‍ സിമന്റ് വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നത് കാരണം ഉത്പാദനം തുടരാന്‍ കഴിയുന്നില്ല. 10 ദിവസം സിമന്റ് വില്‍പ്പന നടക്കാത്തത് മൂലം ഗവണ്‍മെന്റിന് വാറ്റ് നികുതിയില്‍ ഏകദേശം 26 കോടിയുടെ നഷ്ടമുണ്ട്.

രണ്ട് ആവശ്യങ്ങളാണ് സിമന്റ് ഡീലര്‍മാര്‍ പ്രധാനമായും ഉന്നയിക്കുന്നത്. ഒന്ന് കമ്പനികള്‍ സിമന്റ് ഡീലര്‍മാര്‍ക്ക് നല്‍കുന്ന ഡിസ്‌ക്കൗണ്ടിന് മേല്‍ വീണ്ടും 12.5 ശതമാനം നികുതി ചുമത്തുന്നത് ഒഴിവാക്കണമെന്നും രണ്ടാമതായി സിമന്റിനെ നോട്ടിഫൈഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്നതുമാണ്.

എന്നാല്‍ നികുതി ചുമത്തുന്നത് ഹൈക്കോടതി വിധി പ്രകാരമാണെന്നാണ് നികുതി കമ്മീഷറേറ്റിന്റെ പക്ഷം. എന്നാല്‍ ടൈല്‍സ് വില്‍പ്പന നടത്തുന്ന സ്വകാര്യ കമ്പനി നല്‍കിയ കേസിലാണ് വിധി വന്നതെന്നും സിമന്റ് വ്യാപാരവുമായി അതിന് ബന്ധമില്ലെന്നും അസോസിയേഷന്‍ പറയുന്നു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന നികുതി വെട്ടിക്കുന്ന സാധനങ്ങളാണ് ലിസ്റ്റിലുള്ളത്. നോട്ടിഫൈഡ് സാധനങ്ങള്‍ വരുമ്പോള്‍ ഓരോ ലോറിക്കും ഡെലിവറി നോട്ട് ഓണ്‍ലൈനനായി ഫയല്‍ ചെയ്യണം.എന്നാല്‍ സിമന്റ് വാഗണുകളില്‍ വരുന്നതിനാല്‍ ഇത് അപ്രായോഗികമാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യം സമരത്തിന് മുന്‍പ് നികുതി വകുപ്പ് കമ്മീഷണറുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഓണ്‍ലൈനായിട്ടല്ലാതെ കടലാസില്‍ ഡെലിവറി നോട്ട് കൊടുത്താലും മതിയെന്ന് വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം ഉറപ്പ് വേണമെന്നാണ് അസോസിയേഷന്‍ ആവശ്യം.