ന്യൂദല്‍ഹി:പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പിനു പകരം ഇനി സിഗരറ്റു പാക്കറ്റുകളില്‍ ക്യാന്‍സര്‍ ബാധിച്ചവരുടെ ചിത്രങ്ങള്‍. വര്‍ധിച്ചുവരുന്ന പുകവലി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

പുകവലി കാരണം ക്യാന്‍സര്‍ ബാധിച്ചവരുടെ ചിത്രങ്ങളാണ് പാക്കറ്റുകളുടെ പുറത്തുപതിക്കുക. കൂടാതെ പുകയില നമ്മെ കൊല്ലും എന്ന മുന്നറിയിപ്പും കവറില്‍ പതിക്കണം. ഇതിനായി കവിളിലും വായിലും ക്യാന്‍സര്‍ ബാധിച്ചവരുടെ ചിത്രങ്ങള്‍ മന്ത്രാലയം പുറത്തിറക്കി.

ഡിസംബര്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.ചിത്രങ്ങള്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാറ്റണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്.

സര്‍ക്കാര്‍തീരുമാനത്തിനെതിരെ സിഗരറ്റുകമ്പനികള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതിവിധി സര്‍ക്കാറിനനുകൂലമായിരുന്നു.പൊതുസ്ഥലങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു വില്‍ക്കുന്നതിനും രാജ്യത്ത് ഇപ്പോള്‍ വിലക്കുണ്ട്.