വാഷിങ്ടണ്‍: യു.എസിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ തലവന്‍ ഡേവിഡ് പെട്രയസ് രാജിവച്ചു. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം ശരിയാണെന്ന് സമ്മതിച്ചു കൊണ്ടാണ് പെട്രയസ് രാജി വെച്ചിരിക്കുന്നത്.

Ads By Google

37 വര്‍ഷം മുമ്പ് വിവാഹിതിനായ തന്റെ വിവാഹേതര ബന്ധം ഒരു ഭര്‍ത്താവ് എന്ന നിലയിലും സി.ഐ.എ പോലുള്ള ഒരു സംഘടനയുടെ തലവന്‍ എന്ന നിലയിലും അംഗീകരിക്കാനാവത്തതാണെന്നും അതിനാല്‍ സ്ഥാനമൊഴിയുകയാണെന്നും പെട്രയേസ് രാജിക്കത്തില്‍ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷമാണ് രാജിക്കത്ത് നല്‍കിയത്.

രാജി സ്വീകരിച്ചതായി പ്രസിഡന്റ് ബറാക് ഒബാമ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ പെട്രയസിന്റെ അപ്രതീക്ഷിത രാജി വൈറ്റ് ഹൗസിന് കനത്ത ആഘാതമായെന്നാണ് സൂചന.

ഓള്‍ ഇന്‍ എന്ന പേരില്‍ പെട്രയസിന്റെ ജീവചരിത്രമെഴുതിയ പൗള ബ്രോഡ്‌വെലുമായുള്ള വിവാഹേതരബന്ധമാണ് അദ്ദേഹത്തിന്റെ രാജിക്കിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച അദ്ദേഹം പ്രസിഡന്റ് ബറാക് ഒബാമയെ പെട്രയസ് കണ്ടിരുന്നു.

ഇറാഖ് യുദ്ധത്തില്‍ യുഎസ് സേനയെ നയിച്ചവരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. അഫ്ഗാനിസ്ഥാനില്‍ നാറ്റോ സേനയ്ക്കും യുഎസ് സേനയ്ക്കും നേതൃത്വം നല്‍കിയതിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ ആളായിരുന്നു പെട്രസ്.

ബ്രോഡ്‌വെല്ലുമായി പെട്രയസിന്റെ വഴിവിട്ട ബന്ധത്തെക്കുറിച്ച് മാസങ്ങള്‍ക്കു മുന്‍പ് തന്നെ എഫ്.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും സൂചനയുണ്ട്. അതേസമയം, ഈ ബന്ധം യുഎസിന്റെ രഹസ്യാന്വേഷണ വിവരങ്ങള്‍ ചോരുന്നതിനിടയാക്കിയില്ലെന്നും വിലയിരുത്തലുണ്ടായി.

പെട്രയസ് രാജിവച്ച സാഹചര്യത്തില്‍ സി.ഐ.എ ഡപ്യുട്ടി ഡയറക്ടര്‍ മൈക്കല്‍ മൊറലിന് ആക്ടിങ് ചീഫ് ചുമതല നല്‍കി. മൈക്കല്‍ മൊറലാവും അടുത്ത സി.ഐ.എ ചീഫെന്ന സൂചനയുണ്ടെങ്കിലും ഒബാമയുടെ ഭീകരവിരുദ്ധ ഉപദേശകന്‍ ജോണ്‍ ബ്രന്നന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തോമസ് ഡോനിലോന്‍, ജനപ്രതിനിധി സഭയുടെ രഹസ്യാന്വേഷണ സമിതി മുന്‍ അധ്യക്ഷ ജെയ്ന്‍ ഹാര്‍മന്‍ തുടങ്ങിയവരും ഇതിന്റെ സാധ്യതാപട്ടികയിലുണ്ട്.