വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസം സി ഐ എ കേന്ദ്രത്തില്‍ സ്‌ഫോടനം നടത്തിയത് സി ഐ എയുടെയും അല്‍ഖാഇദയുടെയും ഡബിള്‍ ഏജന്റാണെന്ന് വ്യക്തമായി. അഫ്ഗാനിലെ ഖോസ്റ്റ് പ്രദേശത്തുള്ള കേന്ദ്രത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഏഴ് സി ഐ എ ഏജന്റുമാര്‍ കൊല്ലപ്പെട്ടിരുന്നു. ഹമ്മാം ഖലീല്‍ അല്‍ ബലാവി എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്ക് ജോര്‍ദാന്‍ രഹസ്യാന്വേഷണ വിഭാഗമായും ബന്ധമുണ്ട്. അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെയാണ് സി ഐ എ ഉദ്യോഗസ്ഥന്‍മാരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അല്‍ഖാഇദ നേതാവ് ഐമന്‍ അല്‍ സവാഹിരിയെക്കുറിച്ച് പുതിയ വിവരം കൈമാറാനെന്ന പേരിലാണ് ഇയാള്‍ സി ഐ എ ക്യാമ്പിലെത്തിയത്. സി ഐ എ ബന്ധമുള്ളയാള്‍ എന്ന നിലയില്‍ ഇയാളെ പ്രത്യേക പരിശോധനക്ക് വിധേയനാക്കിയിരുന്നില്ല. ക്യാമ്പിലെത്തിയ ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

അല്‍ഖാഇദയുടെ യോഗത്തില്‍ പങ്കെടുത്തതിന് ജോര്‍ദാനില്‍ പിടിയിലായ ഇയാള്‍ ജോര്‍ദാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അല്‍ഖാഇദ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കൈമാറിയിരുന്നു. ജയില്‍ മോചിതനായ ശേഷവും ഇയാള്‍ ജോര്‍ദാന്‍ രഹസ്യാന്വേണ വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് സി ഐ എക്കു വേണ്ടിയും ചാരപ്രവര്‍ത്തനം നടത്തി. അല്‍ഖാഇദ നേതാക്കളുടെ ഒളിസങ്കേതം കണ്ടെത്തുന്നതിന് സഹായിക്കാമെന്നായിരുന്നു ഇയാള്‍ സി ഐ എയോട് പറഞ്ഞത്. അല്‍ഖാഇദ സംഘത്തില്‍ നുഴഞ്ഞു കയറി പരമാവധി വിവരങ്ങള്‍ കൈമാറുകയെന്നതായിരുന്നു ഇയാളെ ഏല്‍പിക്കപ്പെട്ട ജോലി. എന്നാല്‍ സി ഐ എയുടെ നീക്കങ്ങളെക്കുറിച്ച് അല്‍ഖാഇദക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറുകയായിരുന്നു ഇയാള്‍ ചെയ്തതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കയാണ്. സവാഹിരിയുടെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ചാരപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടയാള്‍ തന്നെ തങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയത് അമേരിക്കയെ ഞെട്ടിച്ചിരിക്കയാണ്. 1983ല്‍ ബെയ്‌റൂത്തില്‍ അമേരിക്കന്‍ സേനക്കെതിരെ നടന്ന ആക്രമണമാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ അമേരിക്കക്ക് നേരിടേണ്ടി വന്ന അനുഭവം. ഭീകരാക്രമണ പദ്ധതിക്കിടെ അമേരിക്കയില്‍ പിടിയിലിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും സി ഐ എക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ആളാണെന്ന് നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു.