ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ പള്ളിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നെന്ന പരാതിയുമായി ഹിന്ദു യുവവാഹിനി പള്ളിയിലെ പ്രാര്‍ത്ഥന തടഞ്ഞു. പരാതിയെത്തുടര്‍ന്ന് പൊലീസെത്തിയായിരുന്നു പള്ളിയില്‍ നടക്കുകയായിരുന്ന പ്രാര്‍ത്ഥന തടഞ്ഞത്.


Also read ഒടുവില്‍ വിജയ് മല്ല്യയുടെ കിങ്ഫിഷര്‍ വില്ല വിറ്റു; വാങ്ങിയത് സച്ചിന്‍ 


പള്ളിയില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും പ്രാര്‍ത്ഥനകള്‍ അത് മറച്ചുവെക്കാനാണെന്നുമായിരുന്നു ഹിന്ദുത്വ സംഘടന പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ വസ്തുതയില്ലെന്ന്
ബോധ്യപ്പെട്ട പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.

150ല്‍ അധികം വിശ്വാസികളും 11 അമേരിക്കന്‍ ടൂറിസ്റ്റുകളും ഉള്‍പ്പെടെയുള്ളവരുടെ പ്രാര്‍ത്ഥനയായിരുന്നു സംഘടനയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് തടഞ്ഞുവെച്ചത്. 2002ല്‍ യോഗി ആദ്യത്യനാഥ് രൂപീകരിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി.

യു.എസ് പൗരന്മാരുടെ വിസയും മറ്റു യാത്രാ രേഖകളും പരിശോധിച്ചതായും അസ്വഭാവികമായി ഒന്നും തന്നെ കണ്ടെത്തിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ ആനന്ദ് കുമാര്‍ ഗുപ്ത വ്യക്തമാക്കി. വിദേശ പൗരന്മാരെ പള്ളിയില്‍ കണ്ടത് നിരക്ഷരരായ ജനങ്ങളില്‍ മതപരിവര്‍ത്തനത്തിന് എത്തിയവരാണോയെന്ന സംശയം ഉണര്‍ത്തുകയായിരുന്നെന്ന് സംഘടനയുടെ നേതാവ് കൃഷ്ണ നന്ദന്‍ പറഞ്ഞു.

പള്ളിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം പള്ളിയുമായി ബന്ധപ്പെട്ടവര്‍ തള്ളിക്കളഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും പ്രാര്‍ത്ഥനയ്ക്ക് സന്നദ്ധരായെത്തിയവര്‍ മാത്രമേ ഇവിടെയുള്ളെന്നുമായിരുന്നു പള്ളി വികാരി ആദമിന്റെ പ്രതികരണം.