മൂവാറ്റുപുഴ: ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അപകടകരമായ രീതിയില്‍ സാമുദായിക ദ്രുവീകരണം ശക്തമാകുന്നതായി സൂചന. മൂവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളില്‍ മുസ്‌ലിം മത വിഭാഗങ്ങളില്‍പ്പെട്ടവരുടെ വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും ബഹിഷ്‌കരിക്കാന്‍ കൃസ്ത്യന്‍ വിശ്വാസികള്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് ആവശ്യമായ തരത്തില്‍ പള്ളി അധികൃതരുടെ നേതൃത്വത്തില്‍ പ്രാദേശികമായി പ്രചാരണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഭാ നേതൃത്വം പ്രത്യക്ഷമായി നിര്‍ദേശമൊന്നും നല്‍കിയില്ലെങ്കില്‍ പോലും വാടകക്ക് വാഹനങ്ങള്‍ വിളിക്കുന്നതില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതില്‍ നിന്നും മുസ്‌ലിം വിഭാഗങ്ങളെ ഒഴിവാക്കാന്‍ കാത്തലിക് വിഭാഗം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ശക്തമായ ഇടപെടലുണ്ടായിട്ടില്ലെങ്കില്‍ കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുന്ന രീതിയില്‍ മത വിഭാഗീയത വളരുമെന്ന് മൂവാറ്റുപുഴയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ അക്രമികള്‍ വെട്ടി മാറ്റുകയായിരുന്നു. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.