ചുങ്കത്തറ: വിദ്യാര്‍ത്ഥിനികളുടെ ഫോണിലേക്ക് അശ്ലീല തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ച അധ്യാപകനെ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും ക്ലാസില്‍ വെച്ച് മോശമായി പെരുമാറുകയും ചെയ്ത ബോട്ടണി വിഭാഗം അധ്യാപകന്‍ അജേഷിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും ഇത് പ്രിന്‍സിപ്പല്‍ സ്വീകരിച്ചില്ല. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

വിദ്യാര്‍ത്ഥിനികള്‍ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി കെ.എസ്.യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. പതിനഞ്ചോളം വിദ്യാര്‍ത്ഥിനികളാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്.


Also Read: കുണ്ടറ പീഡനം; പെണ്‍കുട്ടിയുടെ അമ്മയടക്കം ആറ് പേര്‍ കസ്റ്റഡിയില്‍


പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് അന്വേഷണ വിധേയമായി അജേഷിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. മലപ്പുറത്തെ ചുങ്കത്തറയിലുള്ള മാര്‍ത്തോമ്മ കോളേജിലാണ് സംഭവം.

വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ അജേഷിനെ പുറത്താക്കണമെന്നും അല്ലെങ്കില്‍ അതിശക്തമായ സമരം നടത്തുമെന്നും വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു.