ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മ അവാര്‍ഡുകളില്‍ അമേരിക്കന്‍ വ്യവസായി സാന്ത്‌സിങ് ചൗത്ത്‌വാലയുടെ പേര് ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. ഒമ്പത് മില്യണ്‍ ഡോളറിന്റെ ബാങ്ക് വഞ്ചന കേസില്‍ വിചാരണ നേരിടുന്ന ചൗത്ത്‌വാലയെ രാഷ്ട്രം ബഹുമതി നല്‍കി ആദരിച്ചതാണ് വിവാദമായിരിക്കുന്നത്. കേസില്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് ഗോപിനാഥ് മുണ്ടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കത്തെഴുതിയിട്ടുണ്ട്.

അതേസമയം തനിക്ക് പത്ഭൂണ്‍ ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നതായി ചൗത്ത്‌വാല്‍ വ്യക്തമാക്കി. യു എസ് അംബാസിഡര്‍ മീരാ ശങ്കര്‍ വഴി കഴിഞ്ഞയാഴ്ച തന്നെ താന്‍ അവാര്‍ഡ് വിവരം അറിഞ്ഞിരുന്നെന്നും ഇന്നലെയാണ് ഔദ്യോഗികമായി വിവരം ലഭിച്ചതെന്നും ചൗത്ത് വാല്‍ പറഞ്ഞു. തനിക്ക് അവാര്‍ഡ് നല്‍കിയതില്‍ പ്രധാനമന്ത്രിയോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അമേരിക്കന്‍ വ്യവസായി കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ ബോംബെ പാലസ് റസ്റ്റോറന്റ് ശൃംഖലയുടെ മേധാവിയായ ചത്ത്‌വാല കഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍തോതില്‍ ഫണ്ട് നല്‍കിയതിലൂടെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.