മാഡ്രിഡ്: ഹാട്രിക്കുകളിലൂടെ തകര്‍പ്പന്‍ ഫോം തുടരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്പാനിഷ് ലീഗിലെ ഗോള്‍വേട്ടയില്‍ മുന്നിലെത്തി. ലാ ലിഗയില്‍ ഇതുവരെയായി 38 ഗോളുകള്‍ ഈ റയല്‍ താരം സ്വന്തംപേരിലാക്കിയിട്ടുണ്ട്.

വിയ്യാറലിനെതിരേ ഇരട്ടഗോള്‍ നേടിയാണ് താരം സ്പാനിഷ് ലീഗിലെ ഏറ്റവുംകൂടുതല്‍ ഗോള്‍നേട്ടമെന്ന റെക്കോര്‍ഡിനൊപ്പമെത്തിയത്. ഇരുപത്തിരണ്ടാം മിനുറ്റിലും കളിയുടെ അവസാന മിനുറ്റിലുമാണ് ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്.

1951ല്‍ അത്‌ലറ്റിക് ബില്‍ബായുടെ ടെല്‍മോ സാറ നേടിയ 38 ഗോളുകളെന്ന റെക്കോര്‍ഡിനൊപ്പമാണ് ക്രിസ്റ്റ്യാനോ ഇപ്പോള്‍. 1990ല്‍ റിയലിന്റെ തന്നെ ഹ്യൂഗോ സാഞ്ചസും ഇത്രയും ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. ബാര്‍സയുടെ ലേണല്‍ മെസ്സിയാണ് 31 ഗോളോടെ ക്രിസ്റ്റ്യാനോയുടെ പിന്നിലുള്ളത്.