മാഡ്രിഡ്: റയല്‍ മാഡ്രിഡ് ടീമില്‍ നിന്നും പുറത്ത് പോവുകയാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പോര്‍ചുഗീസ് ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

ഗ്രനേഡയ്‌ക്കെതിരേ ഞായറാഴ്ച നടന്ന സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ട ഗോളടിച്ചിരുന്നെങ്കിലും ദുഃഖഭാവത്തില്‍ നിന്നത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Ads By Google

ദുഃഖഭാവത്തിന്‌ കാരണം ക്ലബ് അധികൃതര്‍ക്കറിയാമെന്ന് ക്രിസ്റ്റിയാനോ ട്വിറ്ററിലൂടെ കുറിച്ചു. ശനിയാഴ്ച ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസുമായി ക്രിസ്റ്റിയാനോ കൂടിക്കാഴ്ച നടത്തുന്നുണ്ട്. സഹകളിക്കാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതാണ്‌ സൂപ്പര്‍ താരത്തെ ദുഃഖിപ്പിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഇത് ക്രിസ്റ്റിയാനോയും സഹതാരം ആന്ദ്രെ ഇനിയെസ്റ്റയും തള്ളിക്കളഞ്ഞിരുന്നു. ക്രിസ്റ്റിയാനോ കൂടുതല്‍ പണം ചോദിച്ചെന്നും ക്ലബ് അധികൃതര്‍ വിസമ്മതിച്ചെന്നുമാണ് മറ്റൊരു കൂട്ടര്‍ കണ്ടെത്തിയത്. പണം മാത്രമല്ല ഈ ലോകത്ത് ജീവിക്കാന്‍ വേണ്ടതെന്നായിരുന്നു ക്രിസ്റ്റിയാനോയുടെ മറുപടി.

കരാര്‍ നീട്ടുന്നതിനെ കുറിച്ചോ, പണത്തെക്കുറിച്ചോ ക്രിസ്റ്റിയാനോ ഒരിക്കലും സംസാരിച്ച്‌ കേട്ടിട്ടില്ലെന്ന് സഹതാരങ്ങള്‍ പറഞ്ഞു. പ്രതിവര്‍ഷം 11 ദശലക്ഷം യൂറോയാണ് ക്രിസ്റ്റിയാനോയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്.

റയാല്‍ മാഡ്രിഡിനോടുള്ള തന്റെ കൂറില്‍ ഒരു മാറ്റവുമുണ്ടായിരിക്കില്ലെന്ന് ക്രിസ്റ്റിയാനോ ആരാധകര്‍ക്ക് ഉറപ്പു നല്‍കി. എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ദുഃഖത്തിന് കാരണമെന്താണെന്ന് മനസിലാകുന്നില്ലെന്ന് സഹതാരങ്ങളായ മെസ്യൂട്ട് ഓസില്‍, മൈക്കിള്‍ എസിയന്‍, ആല്‍വാരോ ആര്‍ബെലോ എന്നിവര്‍ പറഞ്ഞു.