കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്ക് ക്രൈസ്തവ മാനേജ്‌മെന്റ് നടത്തിയ പ്രവേശനം തടയാന്‍കഴിയില്ലെന്ന് ഹൈക്കോടതി. പ്രവേശനം തടഞ്ഞ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഇതേ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിപ്പിച്ചുണ്ട്. സുപ്രീംകോടതിയുടെ തീരുമാനം വരാത്ത സാഹചര്യത്തില്‍ ബുധനാഴ്ച വൈകുന്നേരം വരെ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി സീറ്റുകളില്‍ 50% സര്‍ക്കാരിന് ക്വാട്ടയാണ്. എന്നാല്‍ സര്‍ക്കാര്‍ ലിസ്റ്റ് വൈകിയതിനാല്‍ ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റ് ഫെഡറേഷന്റെ കീഴിലുള്ള കോളേജുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തുകയായിരുന്നു. പിജി പ്രവേശനത്തിനുള്ള അവസാന തീയ്യതി മെയ് 31ന് അവസാനിക്കുമെന്നതിനാലാണ് പ്രവേശനം നടത്തിയതെന്നാണ് ഇവരുടെ വിശദീകരണം. എന്നാല്‍  മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനം സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതിനെതിരെ ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.