എഡിറ്റര്‍
എഡിറ്റര്‍
മതനിന്ദ കേസ്: പാക് ബാലിക അജ്ഞാത കേന്ദ്രത്തില്‍
എഡിറ്റര്‍
Wednesday 12th September 2012 8:47am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മതനിന്ദക്കേസില്‍ നിയമനടപടി നേരിടുന്ന ക്രിസ്ത്യന്‍ ബാലിക റിംഷാ മസീഹിനെ സുരക്ഷാ കാരണത്താല്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. മതനിന്ദകേസില്‍ വെള്ളിയാഴ്ചയാണ്  റിംഷയ്ക്ക് ജാമ്യം ലഭിച്ചത്.

Ads By Google

റിംഷയ്ക്കും കുടുംബത്തിനും വധഭീഷണിയുണ്ട്. ഇതേത്തുടര്‍ന്ന് ശനിയാഴ്ച ജയില്‍ മോചിതയായശേഷം റിംഷയെയും കുടുംബത്തെയും പോലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ തന്നെ നിര്‍ത്തുകയും പിന്നീട് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.

മതനിന്ദ കേസില്‍ മൂന്നാഴ്ചയോളം റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലായിരുന്നു റിംഷ. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ റിംഷയെയും കുടുംബത്തെയും പാക്കിസ്ഥാനില്‍ നിന്നും നാട് കടത്തുമെന്ന അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ റിംഷയും കുടുംബവും രാജ്യം വിട്ടിട്ടില്ലെന്ന് ക്രിസ്ത്യന്‍ നേതാവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ പോള്‍ ഭാട്ടി പറഞ്ഞു.

പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും റിംഷയെയും കുടുംബത്തെയും ജീവനോടെ ചുട്ടെരിക്കുമെന്ന് അയല്‍വാസികള്‍ ഭീഷണിപ്പെടുത്തിയതായി റിംഷയുടെ പിതാവ് പറയുന്നു. തന്റെ മകള്‍ നിരപരാധിയാണെന്നും കേസില്‍ ജാമ്യം ലഭിച്ചെങ്കിലും റിംഷയ്‌ക്കെതിരെ നിയമനടപടികള്‍ നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ആന്‍ പേജുകള്‍ കത്തിച്ചുവെന്നാരോപണമാണ് റിംഷയ്‌ക്കെതിരെയുള്ളത്. ആഗസ്റ്റ് 16ന് അറസ്റ്റിലായശേഷവും പിന്നീട് ജയിലില്‍ വെച്ചും ഇത് സംബന്ധിച്ച് റിംഷയെ ചോദ്യം ചെയ്തിരുന്നു. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഖുര്‍ആന്‍ കത്തിച്ചകാര്യം റിംഷ സമ്മതിച്ചു. എന്നാല്‍ രണ്ടാമത്തെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി ഇക്കാര്യം നിഷേധിച്ചതായാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ചില ചോദ്യങ്ങള്‍ക്ക് പെണ്‍കുട്ടി കൃത്യമായ മറുപടി നല്‍കാത്തതിനാല്‍ ഒരിക്കല്‍ കൂടി ഇവരെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മതഗ്രന്ഥം കുത്തിനിറച്ച പോളിത്തീന്‍ ബാഗ് എവിടെ നിന്നാണ് ലഭിച്ചത്, ബാഗ് ചവറ്റുകുട്ടയിലേക്ക് തള്ളുന്ന സമയത്ത് പരാതിക്കാരനായ മാലിക് അമ്മദ് വീടിന് പുറത്ത് എന്തു ചെയ്യുകയായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പെണ്‍കുട്ടി മറുപടി നല്‍കിയിട്ടില്ല.

ഡൗണ്‍സിന്‍ഡ്രോം എന്ന രോഗത്തിനിരയായ, പ്രായപൂര്‍ത്തിയാവാത്ത റിംഷയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരേ പാക്കിസ്ഥാനിലും വിദേശത്തും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. റിംഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആവാസ് എന്ന സംഘടനയുടെ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, അടുപ്പില്‍ തീകൂട്ടാനായി പഴയ കടലാസുകള്‍ കത്തിച്ച ബാലികയെ അയല്‍വാസി കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് റിംഷയുടെ ബന്ധുക്കള്‍ പറയുന്നത്. പത്തുലക്ഷം രൂപയുടെ ബോണ്ടിലാണ് റിംഷയ്ക്ക് ജാമ്യം ലഭിച്ചത്. ഈ തുക ന്യൂനപക്ഷ സംഘടന കെട്ടിവച്ചതിനെത്തുടര്‍ന്നാണ് റിംഷ മോചിതയായത്.

റിംഷയ്‌ക്കെതിരേ വ്യാജത്തെളിവുണ്ടാക്കിയെന്നാരോപിച്ച് ഇസ്‌ലാമാബാദിലെ മെഹ്‌റിയാ ജാഫര്‍ മേഖലയിലെ പള്ളിയിലെ ഇമാം ഖാലിദ് ചിസ്തിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇമാമിന്റെ അടുത്ത് പരാതിയുമായി എത്തിയ അയല്‍വാസി കൊണ്ടുവന്ന കത്തിക്കരിഞ്ഞ കടലാസുകളുടെ ഇടയില്‍ ഖുര്‍ആന്‍ പേജുകള്‍ ഇമാം തിരുകിയെന്നാണ് ആരോപണം.

Advertisement