കൊച്ചി: യാക്കോബായ സഭയിലെ യേശുക്രിസ്തു വിവാദം നിര്‍ണായക വഴിത്തിരിവില്‍. ഇതുമായി ബന്ധപ്പെട്ട് പുരോഹിതന്‍മാര്‍ നടത്തുന്ന പരസ്യപ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് പാത്രിയാര്‍ക്കീസ് ബാവ നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മെത്രോപ്പൊലിത്തമാരോട് അടിയന്തിരമായി ദമാസ്‌ക്കസിലെത്തണമെന്ന് ഫാക്‌സിലൂടെ പാത്രിയാര്‍ക്കീസ് ബാവ അറിയിച്ചിട്ടുണ്ട്. ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കൂറീലോസ് മാര്‍ ദീയസ്‌കോറസ് എന്നിവരെയാണ് വിളിപ്പിച്ചത്.

അന്ത്യഅത്താഴ വിവാദത്തില്‍ സി.പി.ഐ.എം അനുകൂല പ്രസ്താവന നടത്തിയ നിരണം ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ കൂറിലോസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിംഹാസന പള്ളികളുടെ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ദീയസ്‌കോറസ് ഇന്ന് പ്രാര്‍ത്ഥനാ യജ്ഞത്തിന് ആഹ്വാനം ചെയ്തിരുന്നു. പുത്തന്‍കുരിശിലെ പൗലോസ് ദ്വിതീയന്റെ ഖബറിടത്തിലാണ് പ്രാര്‍ത്ഥനാ യജ്ഞം നിശ്ചയിച്ചിരുന്നത്. എപ്പിസ്‌കോപ്പല്‍ സിനഡ് വിളിക്കണമെന്നും കുര്യാക്കോസ് മാര്‍ കൂറിലോസിനെ സഭയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രാര്‍ത്ഥനാ യജ്ഞം ആലോചിച്ചത്.

എന്നാല്‍ ബാവ ഇടപെട്ടതോടെ ഈ പ്രശ്‌നം അവസാനിച്ചിരിക്കുകയാണെന്നും പരസ്യ പ്രസ്താവനയ്ക്കില്ലെന്ന് മാര്‍ ദീയസ്‌കോറസ് പറഞ്ഞു. ബാവ ആവശ്യപ്പെട്ടതുപ്രകാരം ഇവരെ എത്രയും പെട്ടെന്ന് ദമാസ്‌കസിലെത്തിക്കാനുള്ള ശ്രമമാണ് ഇനിയുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റ് നേതാവായി കണ്ടതും മാര്‍ക്‌സാണ് ശരി എന്ന ചിത്രം കാണാന്‍ കുര്യാക്കോസ് മാര്‍ കൂറിലോസ് പോയതും വിശ്വാസികളില്‍ ആശങ്കയ്ക്കിടയാക്കിയതായി ആരോപണമുയര്‍ന്നിരുന്നു.

Malayalam news

Kerala news in English