ആന്റിഗ: ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയതുകൊണ്ടൊന്നും കാര്യമില്ലെന്ന് ക്രിസ് ഗെയ്‌ലിന് മനസിലായി. ഇന്ത്യക്കെതിരായ ട്വന്റി-20യ്ക്കും രണ്ട് ഏകദിനങ്ങള്‍ക്കുമുള്ള വീന്‍ഡീസ് ടീമില്‍ ഗെയ്‌ലിന് ഇടം ലഭിക്കാതെ പോയത് ക്രിക്കറ്റ് ആരാധകരെ അല്‍ഭുതത്തിലാക്കിയിട്ടുണ്ട്.

പാക്കിസ്ഥാനെതിരായ പരമ്പരയില്‍ തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഗെയ്ല്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്. തുടര്‍ന്ന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേര്‍സിനായി കളിക്കുകയും ടീമിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതൊന്നും വീന്‍ഡീസ് സെലക്ടര്‍മാരെ തൃപ്തരാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പാക് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതില്‍ വീന്‍ഡീസ് സെലക്ടര്‍മാര്‍ക്കെതിരേ ഗെയ്്ല്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ആദ്യം ഗെയ്ല്‍ വീന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തട്ടെ, എന്നിട്ടാകാം ടീമിലുള്‍പ്പെടുത്തുന്നത് എന്നാണ് ബോര്‍ഡിന്റെ നിലപാട്.

അതിനിടെ ഗെയ്‌ലിനൊപ്പം ഐ.പി.എല്ലില്‍ കളിച്ച കെറോണ്‍ പൊള്ളാര്‍ഡിനെയും കെമര്‍ റോച്ചിനെയും ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.