കൊച്ചി: ഐ ടി രംഗത്ത് സ്വന്തമായ ഒരു ബ്രാന്‍ഡ് ഉണ്ടാക്കാന്‍ കേരളം ശ്രമിക്കണമെന്ന് ഇന്‍ഫോസിസ് ടെക്‌നോളജീസ് എം ഡി ക്രിസ് ഗോപാലകൃഷ്ണന്‍. കേരളത്തിലെ ലഭ്യമായ വിഭവങ്ങള്‍ ഐ ടി ബ്രാന്‍ഡ് രൂപവല്‍ക്കരണത്തിനായി ഉപയോഗിക്കണമെന്നും ഐ സി ടി ഉച്ചകോടിയില്‍ പങ്കെടുത്ത് ക്രിസ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

മികച്ച കാര്യക്ഷമതയുള്ള ജോലിക്കാരാണ് കേരളത്തിലുള്ളത്. പുറത്തുനിന്നുള്ള കമ്പനികള്‍ കേരളത്തെ മികച്ച കേന്ദ്രമായാണ് കാണുന്നത്. തിരുവനന്തപുരത്തെ ഇന്‍ഫോസിസ് ക്യാമ്പസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെയ്ക്കുന്നതെന്നും ക്രിസ് പറഞ്ഞു.

നിക്ഷേപസൗഹാര്‍ദ സംസ്ഥാനമല്ല കേരളം എന്ന വാദം ശരിയല്ല. എന്നാല്‍ സ്മാര്‍ട്ട്‌സിറ്റി വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇന്‍ഫോസിസ് 40,000 പേരെ പുതുതായി നിയമിക്കുമെന്നും ക്രിസ് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.