തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലോട്ടറി വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കേരളത്തില്‍ ഒരു കാലത്തുമില്ലാത്ത രീതിയില്‍ അഴിമതിയും സ്വജനപക്ഷപാതവും വളരുമ്പോള്‍ മുഖ്യമന്ത്രി അതിനെല്ലാം കൂട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം സി.പി.ഐ.എമ്മിനെ കോര്‍പ്പറേറ്റ് സ്ഥാപനമാക്കി മാറ്റി. ലോട്ടറി മാഫിയയ്‌ക്കെതിരേ സംസാരം മാത്രമേയുള്ളൂ. മുഖ്യമന്ത്രി ലോട്ടറി മാഫിയയ്‌ക്കൊപ്പമാണ്. സാന്റിയാഗോ മാര്‍ട്ടിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാവാത്തത്. നവീന മൂന്നാര്‍ എവിടെയെന്ന കാര്യത്തിലും മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈയ്യടിക്കുവേണ്ടിയും പാര്‍ട്ടിയിലെ എതിരാളികളെ അടിച്ചമര്‍ത്താന്‍ വേണ്ടിയുമാണ് മുഖ്യമന്ത്രി ഈ നിലപാടുകള്‍ സ്വീകരിച്ചത്. അല്ലാതെ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയല്ലായിരുന്നു. വി.എസിനെ തങ്ങള്‍ ഭയക്കുന്നില്ല. പക്ഷേ അദ്ദേഹം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനാലാണ് തങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി കരയേണ്ടിവരും. മുഖ്യമന്ത്രിക്ക് സീറ്റ് നല്‍കിയത് യു.ഡി.എഫ് വിജയം ഉറപ്പിക്കുന്നു. അല്ലാതെ വി.എസ് എന്ന ഘടകം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭീഷണിയാകുമെന്ന് കരുതുന്നില്ല. അങ്ങനെയെങ്കില്‍ അത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാണേണ്ടതായിരുന്നു. രാഷ്ട്രീയത്തിലെയും ഭരണത്തിലെയും മാന്യതയാണ് മുഖ്യമന്ത്രി കളഞ്ഞുകുളിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസില്‍ വിമതശല്യം ഏറ്റവും കുറഞ്ഞ തെരഞ്ഞെടുപ്പാണിതെന്നും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസമുണ്ട്. താന്‍ മത്സരിക്കണമെന്ന പൊതുവായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരിക്കാന്‍ തയാറായത്. കേരളത്തിലെ കോണ്‍ഗ്രസിനെ വസന്തകാലത്തിലേക്ക് എത്തിക്കുക എന്ന പരമപ്രധാന ലക്ഷ്യമാണ് തനിക്കുള്ളത്. അത് താന്‍ കൃത്യമായി നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.