ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ വിവാദത്തെ തുടര്‍ന്ന് പ്രതിരോധ വകുപ്പ് കരാര്‍ മരവിപ്പിച്ചതായി സൂചന. കരാര്‍ പ്രകാരം ലഭിച്ച മൂന്ന് ഹെലികോപ്റ്റര്‍ ഒഴികെ 9 എണ്ണത്തിന്റെ പണം സി.ബി.ഐ അന്വേഷണത്തിന് ശേഷം നല്‍കിയാല്‍ മതിയെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.

Ads By Google

സി.ബി.ഐ അന്വേഷണത്തില്‍ അഴിമതിക്ക് തെളിവ് കണ്ടെത്തിയില്ലെങ്കില്‍ മാത്രം ബാക്കിയുള്ള 9 കോപ്റ്ററുകള്‍ വാങ്ങിയാല്‍ മതിയെന്നാണ് തീരുമാനം. വിവാദം വന്‍ രാഷ്ട്രീയ ചര്‍ച്ചയുണ്ടാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതിരോധ മന്ത്രി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള നീക്കം പ്രതിരോധ വകുപ്പ് മാറ്റി വെച്ചു. 8000 കോടി രൂപയ്ക്ക് 97 യൂറോപ്യന്‍ യൂറോകോപ്റ്ററും റഷ്യന്‍ കാമോസ് സെര്‍ജിയും വാങ്ങാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. കരസേന മേധാവി ജനറല്‍ ബിക്രം സിങ് സ്ഥലത്തില്ലാത്തതിനാല്‍ തീരുമാനം മാറ്റിയെന്നാണ് വിശദീകരണം.

ഇറ്റലിയിലെ വന്‍കിട പ്രതിരോധനിര്‍മാതാക്കളായ ‘ഫിന്‍മെക്കാനിക്ക’ യും ഇന്ത്യയുമായി നടന്ന വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടില്‍ വന്‍തുക കോഴ നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ സി.ഇ.ഒ.യും ചെയര്‍മാനുമായ ഗൈസപ്പ് ഓര്‍സിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് പുറമേ രണ്ട് ഇടനിലക്കാരും അറസ്റ്റിലായിരുന്നു.

അതേസമയം, അഴിമതിയില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയും ബന്ധുവും ഉള്ളതായി ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അഴിമതിയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന വാദവുമായി ത്യാഗി ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു.

ഇറ്റാലിയന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന ത്യാഗി സഹോദരന്‍മാര്‍ തന്റെ അനന്തരന്‍മാരാണ്. ഇവരുടെ വീട്ടില്‍വെച്ച് കാര്‍ലോ എന്ന ഇടനിലക്കാരനെ കണ്ടിരുന്നു. എന്നാല്‍ ഇവരുടെ ബിസിനസ്സ് കാര്യങ്ങളില്‍ തനിക്ക് പങ്കില്ലെന്നും ത്യാഗി പറഞ്ഞു.

അഴിമതി കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എ.കെ ആന്റണി വ്യക്തമാക്കി. കുറ്റക്കാരായ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും ആന്റണി വ്യക്തമാക്കി.

2010 ല്‍ അഗസ്താ വെസ്റ്റ്‌ലന്റ്‌സ് എന്ന പേരില്‍ 12 ഹെലികോപ്റ്റര്‍ ഇന്ത്യക്ക് വില്‍ക്കാനുള്ള കാരാറാണ് ഇറ്റലിയും ഇന്ത്യയും തമ്മില്‍ ഉണ്ടാക്കിയത്. ഇടപാടില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇറ്റലിയില്‍ നടന്ന അന്വേഷണത്തിലാണ് കോഴ നല്‍കിയത് പുറത്ത് വന്നത്.

എന്നാല്‍ ഇടപാടില്‍ കമ്പനി കൃത്രിമം കാണിച്ചതായി തങ്ങളുടെ പക്കല്‍ തെളിവൊന്നുമില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നത്.

മൂന്ന് ഹെലികോപ്റ്ററാണ് കരാര്‍ പ്രകാരം ഇന്ത്യക്ക് ഇതുവരെ ലഭിച്ചത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള വി.ഐ.പി.കളുടെ യാത്രയ്ക്കാണ് ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുവരുന്നത്.