പുല്‍പ്പള്ളി: വയനാട്ടില്‍ കോളറ ബാധിച്ച് ഒരാള്‍കൂടി മരിച്ചു. പുല്‍പ്പള്ളി കരിമം കോളനിയിലെ വെള്ളന്‍ (70) ആണ് മരിച്ചത്. ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇയാള്‍.

കേളന് മുമ്പ് ആറ് പേര്‍ കൊളറ ബാധിച്ച് മരിച്ചിരുന്നു. 87 പേര്‍ ചികിത്സയിലുണ്ട്. ശുദ്ധജലം ലഭിക്കാത്തതും, ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതുമാണ് കോളറ പടര്‍ന്നുപിടിക്കാന്‍ കാരണം.

വയനാട്ടില്‍ കോളറ ബാധിച്ച് മരിച്ച ആറുപേര്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ജൂലായ് രണ്ടിന് മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ. ജയലക്ഷ്മി എന്നിവര്‍ വയനാട് സന്ദര്‍ശിക്കും.

കോളറ ബാധിത പ്രദേശങ്ങളില്‍ സൗജന്യ റേഷന്‍, കുടിവെള്ളം, വണ്ടിയില്‍ വെള്ളം എത്തിക്കാന്‍ കഴിയാത്ത മേഖലകളില്‍ കുപ്പിവെള്ളം എന്നിവ ലഭ്യമാക്കും. നിരവധിപേര്‍ പേര്‍ ആസ്പത്രിയിലായ മൂന്ന് കോളനികളിലെ കക്കൂസില്ലാത്ത ഓരോ വീടിനും 15000 രൂപ വീതം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.