സ്റ്റോക്‌ഹോം: ഹെയ്ത്തിയില്‍ ആയിരത്തിലധികം പേരുടെ ജീവന്‍ അപഹരിച്ചു പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോളറയുടെ ഉറവിടം നേപ്പാളാണെന്ന് സ്വീഡിഷ് സ്ഥാനപതി. ഹെയ്ത്തിയിലെ സ്വീഡന്‍ അംബാസിഡറായ ക്ലെയ്‌സ് ഹമ്മറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നേപ്പാളില്‍ നിന്നുമാണ് ഹെയ്ത്തിയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കോളറ രോഗം എത്തിയത്. വിദഗ്ധ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നേപ്പാളില്‍ നിന്നെത്തിയ യു.എന്‍ സമാധാനസേനാംഗങ്ങള്‍ വഴിയാണ് രോഗം ഇവിടെ പടര്‍ന്നതെന്ന് ആരോപിച്ച് നൂറുകണക്കിന് പേര്‍ ഹെയ്ത്തിയില്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 19മുതലാണ് ഹെയ്ത്തിയില്‍ കോളറ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ഇതിനകം 16,000ലധികം പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മലിനജലവും മരുന്നുകളുടെ ലഭ്യതക്കുറവും ചികിത്സയിലെ അപാകതയും കോളറ പടരുന്നത്.  വേഗത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അയല്‍രാജ്യമായ ഡൊമിനിക്കല്‍ റിപ്പബ്ലിക്കില്‍ നിന്നും കോളറബാധ റിപ്പോര്‍ട്ടു ചെയ്തിരുന്നു.