കോഴിക്കോട്: എലിപ്പനി പടരുന്ന കോഴിക്കോട് ജില്ലയില്‍ കോളറയും സ്ഥിരീകരിച്ചു. കുരുവട്ടൂര്‍ സ്വദേശി ജാനു (72)വിനാണ് കോളറ കണ്ടെത്തിയത്. അതേസമയം, എലിപ്പനി ബാധിച്ച് ഇന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാള്‍ കൂടി മരിച്ചു.

ഇന്നലെ ഉച്ചക്ക് 4 പേരും വൈകീട്ട് 3 പേരും മരിച്ചിരുന്നു. 19 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. 250 പേര്‍ക്ക് കോഴിക്കോട്ട് എലിപ്പനി പിടിച്ചതായാണ് കണക്കുകള്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പകര്‍ച്ച വ്യാധികള്‍ക്ക് ചികിത്സ തേടി എത്തുന്നവരില്‍ കൂടുതലും കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

അതേസമയം, സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി ആശങ്കാജനകമാകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. എറണാകുളം ജില്ലയില്‍ 80 പേര്‍ക്കാണ് മലേറിയയും ഡെങ്കിപ്പനിയും കണ്ടെത്തിയത്. കോട്ടയം ജില്ലയില്‍ നൂറിലേറെ പേര്‍ക്ക് മഞ്ഞപ്പിത്തവും കണ്ടെത്തിയിട്ടുണ്ട്. കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ലഭ്യമായതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകളാണ്. അത്‌കൊണ്ട് തന്നെ രോഗം പിടിപ്പെട്ടവരുടെ എണ്ണം ഇതിലും കൂടാനാണ് സാധ്യത.

മഴ നീണ്ടു നിന്നു എന്നാണ് ആരോഗ്യ വകുപ്പ് പകര്‍ച്ച വ്യാധികള്‍ പകരുന്നതിന് കാരണമായി പറയുന്നത്. പക്ഷേ, കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. മാലിന്യ നിര്‍മാര്‍ജനത്തില്‍ തദ്ദേശ സ്ഥാനപനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. രോഗം വന്നാല്‍ വൈകി ചികിത്സ തേടുകയും സാധാരണ അസുഖങ്ങളെ പോലെ പരിഗണിക്കുകയും ചെയ്യുന്നതിനാലാണ് മരണ സംഖ്യ കൂടുന്നത് എന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. പകര്‍ച്ച വ്യാധികള്‍ ഗുരുതരമായ പ്രദേശങ്ങളിലെ പഞ്ചായത്തു പ്രസിഡന്റുമാരുടെ യോഗം കലക്ടര്‍മാര്‍ വിളിച്ചിട്ടുണ്ട്.