പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തിയില്‍ കോളറയും കലാപവും മൂലം മരിച്ചവരുടെ സംഖ്യ 1000 കടന്നു. ദരിദ്രരാഷ്ട്രമായ ഹെയ്തിയുടെ പത്ത് പ്രവിശ്യകളില്‍ ആറെണ്ണത്തിലും ജനങ്ങള്‍ കോളറമൂലം ബുദ്ധിമുട്ടുകയാണ്. എന്നാല്‍ കോളറമൂലമുള്ള മരണസംഖ്യ 1000 ത്തിലും അധികമാണെന്ന് ജനങ്ങള്‍ പറയുന്നു.

കോളറ പടരാന്‍ കാരണം ഹെയ്തിയിലെ യു എന്‍ സംഘമാണെന്ന് ആരോപിച്ച് അക്രമവും കലാപവും തുടങ്ങിയിട്ടുണ്ട്.കാപ് ഹെയ്ത്തിയനില്‍ കല്ലേറ് നടത്തിയ പ്രതിഷേധക്കാരെ പരിച്ചുവിടുന്നതിനായി യുഎന്‍ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. 900ലധികം പേര്‍ക്കാണ് ഇതുവരെ ജീവഹാനി നേരിട്ടിട്ടുള്ളത്.

നേപ്പാളില്‍ നിന്നെത്തിയ യുഎന്‍ സമാധാന സേനാംഗങ്ങള്‍ വഴിയാണ് ഹെയ്ത്തിയില്‍ കോളറ ബാധയുണ്ടായതെന്ന് ആരോപിച്ചാണ് പ്രക്ഷോഭം നടക്കുന്നത്. എന്നാല്‍ ഈ ആരോപണം ന്യായീകരിക്കുന്നതിനുള്ള തെളിവുകളില്ലെന്ന് യുഎന്‍ പറഞ്ഞു. എന്നാല്‍ ദക്ഷിണേഷ്യന്‍ കോളറ ഇനത്തില്‍പ്പെട്ടതാണ് ഹെയ്ത്തിയില്‍ പടര്‍ന്നു പിടിയ്ക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നൂറോളം വരുന്ന പ്രക്ഷോഭകരാണ് തെരുവില്‍ യുഎന്‍ സമാധാന സേനയ്‌ക്കെതിരെ സംഘടിച്ചത്. ഇവര്‍ ഒരു പോലീസ് സ്‌റ്റേഷനു തീവയ്ക്കുകയും ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പ്രക്ഷോഭകാരികളെ പിരിച്ചുവിടുന്നതിനായി യുഎന്‍ സേന നടത്തിയ റബര്‍ ബുള്ളറ്റ് ആക്രമണത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. യുഎന്‍ സമാധാന സേന ഹെയ്ത്തി വിടണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.