എഡിറ്റര്‍
എഡിറ്റര്‍
ചോഗം: ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി
എഡിറ്റര്‍
Friday 15th November 2013 7:59am

kamaroon

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗ(ചോഗം)ത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ തീരുമാനത്തെ ആദരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.

ചോഗം യോഗത്തിനായി കൊളംബോയിലേയ്ക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ദല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ബ്രിട്ടനും ഇന്ത്യയ്ക്കും കാനഡയ്ക്കും ഒരേ നിലപാടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോമണ്‍വെല്‍ത്തിനെ ശക്തിപ്പെടുത്താനാണ് താന്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. ശ്രീലങ്കന്‍ നയങ്ങളെ താന്‍ അനുകൂലിക്കുന്നുവെന്ന് അതിനര്‍ത്ഥമില്ല. കാമറൂണ്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

തമിഴ് നാട്ടില്‍ നിന്നുള്ള മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പ്രധാനമന്ത്രി പിന്‍വാങ്ങിയത്.

അതിനിടെ ശ്രീലങ്കയില്‍ തമിഴ് വംശഹത്യ നടക്കുന്നുവെന്നും അവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നുമുള്ള ആരോപണങ്ങള്‍ നിഷേധിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. തങ്ങളുടെ നിലപാടുകള്‍ സുതാര്യമാണെന്നും ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്നും പ്രസിഡന്റ് മഹീന്ദ രജപക്‌സെ പറഞ്ഞു.

എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണറെ കൂടാതെ നിരവധി രാജ്യങ്ങളും ലങ്കയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങലെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങിയതോടെ രാജ്യാന്തര തലത്തില്‍ ശ്രീലങ്ക ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

പക്ഷേ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ രജപക്‌സെ തയ്യാറായിരുന്നില്ല.  ചോഗം യോഗത്തില്‍ നിന്ന് ഇന്ത്യയും കാനഡയും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ന്യായീകരണവുമായി പ്രസിഡന്റ് രംഗത്തെത്തിയത്.

യോഗത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.ഓസ്‌ട്രേലിയ
ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലങ്കയുമായി നയതന്ത്ര ചര്‍ച്ചയില്ലാത്തതിനാല്‍ ചോഗത്തില്‍ പങ്കെടുക്കുന്നുവെന്നാണ് അവരുടെ നിലപാട്.

Advertisement