ചോക്ലേറ്റ് തിന്നുമ്പോള്‍ പല്ലുചീത്തയാവും, പ്രമേഹം വരും എന്നൊക്കെ വിലക്കാറില്ലേ, ഇനിയങ്ങിനെ വേണ്ടെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.രക്താസമ്മര്‍ദ്ദം അകറ്റാന്‍ ഡാര്‍ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ശരീരത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സാധാരണനിലയിലാക്കി, ഹൃദയത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഡാര്‍ക് ചോക്ലേറ്റിന് കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്. ഇത് ശരീരത്തിന് നല്ലതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സ്വീഡനില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് രക്താതിസമ്മര്‍ദ്ദം കുറയ്ക്കാനും ഇത്തരം ചോക്ലേറ്റുകള്‍ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയത്.

ബിപികുറയ്ക്കാനായി കഴിയ്ക്കുന്ന മരുന്നുകള്‍ പ്രവര്‍ത്തിക്കുന്ന അതേ തരത്തിലാണത്രേ ഡാര്‍ക് ചോക്ലേറ്റുകളും പ്രവര്‍ത്തിക്കുന്നത്. ബിപി വര്‍ധിപ്പിക്കുന്ന എന്‍സൈമിന്റെ പ്രവര്‍ത്തനം തടയുകയാണ് ഇവ ചെയ്യുന്നത്.

ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ, കേറ്റ്ചിന്‍സ്, പ്രോസിഅനിഡൈന്‍സ് തുടങ്ങിയ രാസവസ്തുക്കളാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.

എന്നാല്‍ ചോക്ലേറ്റുകള്‍ വാങ്ങാന്‍ വരട്ടെ, അതിനുമുന്‍പ് ഇത് കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. നിങ്ങള്‍ പുകവലിക്കുന്നുണ്ടോ ആരോഗ്യകരമായ ഭക്ഷണ രീതി പിന്‍തുടരുന്നില്ലേ എങ്കില്‍ ചോക്ലേറ്റ് ചതിക്കും കേട്ടോ! ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നവരല്ലെങ്കില്‍ ഇത് കൂടുതല്‍ കഴിയ്ക്കുന്നത് നല്ലതല്ലെന്ന ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതിന് മുമ്പ് നടന്ന പഠനങ്ങളില്‍ ഡാര്‍ക് ചോക്ലേറ്റ് സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം കുറച്ച് നല്ല മാനസികാവസ്ഥ പ്രദാനം ചെയ്യുമെന്നും കണ്ടെത്തിയിരുന്നു.