എഡിറ്റര്‍
എഡിറ്റര്‍
മലയാളി നഴ്‌സുമാര്‍ക്കെതിരെയുള്ള കുമാര്‍ ബിശ്വാസിന്റെ വിവാദ പരാമര്‍ശം കോമഡിസീരിയലിലെ രംഗമെന്ന് ചിറ്റിലപ്പള്ളി
എഡിറ്റര്‍
Wednesday 22nd January 2014 8:21pm

chittilappalli

കൊച്ചി:  മലയാളി നഴ്‌സുമാര്‍ക്കെതിരെയുണ്ടായ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസിന്റെവിവാദ പരാമര്‍ശം കോമഡി സീരിയലിലെ രംഗമാണെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.

സംഭവം വിവാദമായതോടെ ആം ആദ്മി പാര്‍ട്ടിയും കുമാര്‍ ബിശ്വാസും മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് ബിശ്വാസിനെ ന്യായീകരിച്ച് ചിറ്റിലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ചിറ്റിലപ്പള്ളിയുടെ പ്രതികരണം.

കുമാര്‍ ബിശ്വാസ് മലയാളി നഴ്‌സുമാരെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് താന്‍ ഇന്നാണ് വ്യക്തമായി മനസിലാക്കിയതെന്നും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുമാര്‍ ബിശ്വാസ് അഭിനയിച്ച ഒരു കോമഡി സീരിയലിലെ രംഗമാണതെന്നുമാണ് ചിറ്റിലപ്പള്ളി പറയുന്നത്.

ഒരു കോമഡി സീരിയലില്‍ നിര്‍മ്മാതാവും സംവിധായകനുമുണ്ടാകുമെന്നും ആരുടെയെങ്കിലും തിരക്കഥ അഭിനയിച്ച് ഫലിപ്പിക്കുകയാണ് നടന്റെ കര്‍മ്മമെന്നും ചിറ്റിലപ്പള്ളി കുറിച്ചു.

അത്തരത്തിലൊരു സീരിയലിന്റെ ഭാഗം ബിശ്വാസിന്റെ പ്രസ്താവന എന്ന നിലക്ക് വ്യഖ്യാനിച്ചത് വിഷമകരമാണ്.

എല്ലാ വാര്‍ത്തകളെയും രാഷ്ട്രീയക്കാര്‍ ഇത്തരത്തില്‍ വളച്ചൊടിക്കുകയാണെന്നും ഇന്നലെ കൊച്ചിയിലെ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ താന്‍ അപലപിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

12 വര്‍ഷം മുമ്പ് വണ്ടര്‍ലാ പാര്‍ക്കില്‍ വച്ച് നടന്ന വിജേഷ് വിജയന്റെ സംഭവത്തില്‍ തന്നെയും സമാനമായ രീതിയിലാണ് ലക്ഷ്യം വച്ചതെന്നും ചിറ്റിലപ്പള്ളി പറഞ്ഞു.

മലയാളികളായ നഴ്‌സുമാര്‍ കറുത്തവരാണെന്നും അതിനാല്‍ അവരെ കാണുമ്പോള്‍ മറ്റ് വികാരങ്ങള്‍ ഒന്നും തോന്നില്ലെന്നും സിസ്‌റ്റേഴ്‌സ് എന്ന് വിളിക്കാന്‍ എളുപ്പവുമാണെന്നായിരുന്നു കുമാര്‍ ബിശ്വാസിന്റെ പരമാര്‍ശം.

ഇതിനെതിരെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ നിന്നുള്‍പ്പെടെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

Advertisement