chitra daughter diedചെന്നൈ: ഗായിക കെ.എസ്.ചിത്രയുടെ മകള്‍ നന്ദനയുടെ മൃതദേഹം ചെന്നൈയിലത്തിച്ചു. ചെന്നൈ ദശരഥപുരത്തെ വീട്ടിലെത്തിച്ച മൃതദേഹം, വൈകിട്ട് നാലിന് വടപളനി എ.വി.എം ശ്മശാനത്തില്‍ സംസ്‌കരിക്കും.

വ്യാഴാഴ്ച രാവിലെ എട്ടരയോടെ ദുബൈ എമിറേറ്റ്‌സ് ഹില്ലിലെ വില്ലയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന എ.ആര്‍.റഹ്മാന്‍ ഹിറ്റ്‌സ് എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ചയാണ് ചിത്രയും കുടുംബവും ദുബൈയിലെത്തിയത്. വിജയശങ്കറിന്റെ സുഹൃത്തായ പ്രമുഖ മലയാളി വ്യവസായിയുടെ എമിറേറ്റ്‌സ് ഹില്ലിലെ വില്ലയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

വ്യാഴാഴ്ച രാവിലെ സംഗീത പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാംമ്പിലേക്ക് പോകാനുളള ഒരുക്കത്തിനിടെ നന്ദനയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടിനുള്ളിലെ നീന്തല്‍ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തി. ഉടന്‍ പുറത്തെടുത്ത് സീദ്‌റാസ് ജബല്‍ അലി ഇന്റര്‍നാഷനല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

1987ലാണ് ചിത്രയും എന്‍ജിനീയറായ വിജയശങ്കറുമായുള്ള വിവാഹം നടന്നത്. 2002ലാണ് ഈ ദമ്പതികള്‍ക്ക് കുഞ്ഞിക്കാല് കാണാന്‍ ഭാഗ്യമുണ്ടായത്.