ദുബൈ: ചിരന്തന സാംസ്‌കാരികവേദി മുഹമ്മദ് റഫിയുടെ 32 ാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ലോകത്തില്‍ ഏറ്റവുമധികം ജനഹൃദയങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞ മാസ്മരിക ശബ്ദത്തിന്റെ ഉടമയായിരുന്നു റഫിയെന്ന് നാസര്‍ അഭിപ്രായപ്പെട്ടു. അവാച്യമായ ആകര്‍ഷണവും ഔന്നത്യമുള്ള സ്വഭാവ ഗുണവും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നതിനാലാണ് പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു പോലും അദ്ദേഹത്തെ ബഹുമാനിച്ചത്.

വര്‍ത്തമാന കാലത്തു പോലും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആലപിക്കുന്നത് റഫി ഗാനങ്ങളാണെന്നും ലോകത്തിലെ സ്വാധീന ശക്തിയുള്ള ഗായകരെ വിലയിരുത്തിയാല്‍ ആദ്യത്തെ അഞ്ചുപേരില്‍ ഒരാളായിരിക്കും മുഹമ്മദ് റഫി എന്നും നാസര്‍ ബേപ്പൂര്‍ പറഞ്ഞു.

ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല തളങ്കര, മാജിദ് ഷേക്ക് ബോംബെ, അലി മംഗലാപുരം, ഫിറോസ് തമന്ന, നവാസ് തലശ്ശേരി, അഡ്വ. ഷബീര്‍ അലി, അഷ്ഫാക്ക്, സിദ്ദിഖ് ഏരിയല്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് റാഫിയുടെ ഗാനങ്ങളും ആലപിച്ചു. സെക്രട്ടറി ഫസിലുദ്ദീന്‍ ശൂരനാട് സ്വാഗതവും വൈസ് പ്രസിഡന്റ് സി.പി. ജലീല്‍ നന്ദിയും പറഞ്ഞു.