ഹൈദരാബാദ്: ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുന്നു. സോണിയാഗാന്ധിയുമായി ദല്‍ഹിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.ഉപാധികളൊന്നുമില്ലാതെയാണ് ലയനമെന്ന് ചിരഞ്ജീവി വ്യക്തമാക്കി.

ആന്ധ്രാപ്രദേശ് നിയമസഭയില്‍ 17 അംഗങ്ങളുള്ള പ്രജാരാജ്യം പാര്‍ട്ടിയുടെ ലയനം കോണ്‍ഗ്രസിനു കരുത്തുപകരുമെന്നാണ് വിലയിരുത്തലുകള്‍. ആന്ധ്രയില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ ജഗന്‍മോഹന്‍ റെഡ്ഡി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.

സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം പ്രതിരോധമന്ത്രി എ.കെ. ആന്റണി ഹൈദരാബാദിലെത്തി ചിരഞ്ജീവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ സീറ്റും മന്ത്രിപദവുമടക്കമുള്ള കാര്യങ്ങളില്‍ ധാരണയായതായതാണ് റിപ്പോര്‍ട്ടുകള്‍.