ന്യൂദല്‍ഹി: തെലുങ്ക് സിനിമയിലെ സൂപ്പര്‍താരവും പ്രജാരാജ്യം പാര്‍ട്ടി സ്ഥാപകനേതാവുമായ ചിരഞ്ജീവി ഔദ്ദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.ദില്ലിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്.

ചടങ്ങില്‍ വച്ച് രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രയായി വിശേഷിപ്പിച്ച ചിരഞ്ജീവി തുടര്‍ന്നുള്ള കാലം അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പറഞ്ഞു.

രാഹുല്‍ഗാന്ധിയെ കൂടാതെ കേന്ദ്രമന്ത്രിമാരായ ഗുലാം നബി ആസാദ്, ജയ്പാല്‍ റെഡ്ഡി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ത്രിവേദി, കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എ്ന്നിവര്‍ സന്നിഹിതരായി.

2008 ആഗസ്റ്റിലാണ് ചിരഞ്ജീവി പ്രജാരാജ്യം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 294 അംഗങ്ങളുള്ള ആധ്രപ്രദേശ് നിയമസഭയില്‍ പ്രജാരാജ്യത്തിന് 18 അംഗങ്ങളാണുള്ളത്. ആധ്രയുടെ തീര പ്രദേശങ്ങളിലും റായലസീമ പ്രദേശങ്ങളിലും നല്ല സ്വാധീനമുള്ള താരത്തിന് പക്ഷെ തെലുങ്കാന പ്രദേശങ്ങളില്‍ വേണ്ടത്ര സ്വാധീനമില്ല.

നേരത്തെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം സ്വീകരിക്കു്ന്നതിനായി ആഗസ്റ്റ് 7നും 10നും പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കാണാന്‍ ചിരജ്ജീവി ശ്രമിച്ചിരുന്നു. എന്നാലീ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നില്ല.