കൊച്ചി: ഐ ലീഗില്‍ പൈലന്‍ ആരോസിനു മുന്നല്‍ ചിരാഗ് യുണൈറ്റഡ് മുട്ട് മടക്കി. ആരോസിന്റെ ഏകപക്ഷീയമായ മൂന്ന് ഗോളകള്‍ക്കു മുന്നിലാണ് ചിരാഗ് തകര്‍ന്നത്. ഇതോടെ അടുത്ത സീസണില്‍ ഐ ലീഗില്‍ കേരള പ്രതിനിധികള്‍ ഉണ്ടാകില്ലെന്നും ഉറപ്പായി.

ലീഗില്‍ നിലനില്‍ക്കാന്‍ അവശേഷിക്കുന്ന മൂന്നു മത്സരങ്ങളും വിജയിക്കണമെന്ന ഘട്ടത്തിലാണ് ചിരാഗ് ദയനീയ പരാജയം ഏറ്റുവാങ്ങിയത്. 33,46,90 മിനുറ്റുകളില്‍ ആരോസിന് വേണ്ടി സബിത്ത് നേടിയ ഹാട്രിക്ക് ഗോളുകളാണ് ചിരാഗിനെ തറപറ്റിച്ചത്. ചിരാഗിന് ഗോളവസരങ്ങള്‍ നിരവധിയുണ്ടായിരുന്നെങ്കിലും മുന്‍നിരക്കാര്‍ക്കു പന്തിനെ ലക്ഷ്യത്തിലെക്കാനായില്ല. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ഗോളവസരം ലഭിച്ചെങ്കിലും ചിരാഗിന് ഉന്നം തെറ്റി. എന്നാല്‍ 33-ാം മിനിറ്റില്‍ ആരോസിന് ലഭിച്ച അവസരം അവര്‍ പാഴാക്കിയില്ല. പന്തിനെ കൃത്യമായി വലയ്ക്കുള്ളിലാക്കാന്‍ സബിത്തിന് കഴിഞ്ഞു. ഒന്നാം പകുതിയുടെ അവസാന നിമിഷം ആരോസ് വീണ്ടും പന്തിനെ ഗോള്‍ മുഖത്തേക്ക് പായിച്ച് ചിരാഗിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. കളിയുടെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ആരോസ് രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടു നിന്നു.

രണ്ടാം പകുതിയിലും ചിരാഗിന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെയ്ക്കാനായില്ല. അഞ്ചോളം മാറ്റങ്ങള്‍ ചിരാഗ് നടത്തിയെങ്കിലും ഗോളുകള്‍ നേടാന്‍ ആയില്ല. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാള്‍ട്ടിയും സബിത്ത് വലയ്ക്കുള്ളിലാക്കിയതോടെ സബിത്തിന്റെ ഹാട്രിക്ക് പൂര്‍ത്തിയായി. ആരോസിന്റെ ജോര്‍ജ് ആല്‍വിനെ ചിരാഗിന്റെ ഷെറിന്‍ സാം ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് ആരോസിന് പെനാള്‍ട്ടി ലഭിച്ചത്. സബിത്താണ് മാന്‍ ഓഫ് ദി മാച്ച്. ചിരാഗിന്റെ പരാജയത്തോടെ മുംബൈ എഫ്.സി. ഐ ലീഗില്‍ നിലനില്‍ക്കുമെന്ന് ഉറപ്പായി. ചിരാഗിന് ഇനി സാല്‍ഗോക്കര്‍, മുംബൈ എഫ്.സി എന്നിവരുമായാണ് മത്സരിക്കേണ്ടത്.

Malayalam News

Kerala News in English