Administrator
Administrator
ചിറകില്ലാതെ പറന്ന സഞ്ചാരി
Administrator
Tuesday 5th July 2011 8:31pm

chintha ravi

പി.കെ സുരേഷ്‌കുമാര്‍

അടിമുടി രാഷ്ട്രീയവല്കരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു രവീന്ദ്രന്റേത്. ഭാവനയുടെയും ഭാവുകത്വത്തിന്റെയും സ്തംഭനത്തിനെതിരെ നിരന്തര യാത്രകളിലൂടെ നടത്തിയ പോരാട്ടമാണ് രവീന്ദ്രന്റെ ജീവിതം. ഒരേസമയം ചരിത്രാന്വേഷണവും സ്വത്വാന്വേഷണവും ആയിരുന്നു ആ യാത്രകള്‍. ആന്തരിക യാത്രകള്‍ക്ക് ദൃശ്യ ഭാഷ്യം ചമച്ചും ലോകയാത്രകള്‍ അക്ഷരങ്ങളില്‍ ആവിഷ്‌കരിച്ചും രവീന്ദ്രന്‍ മലയാളത്തിന്റെ ചലച്ചിത്ര- സഞ്ചാര സാഹിത്യ മേഖലകളില്‍ സ്വയം അടയാളപ്പെട്ടു. എളുപ്പത്തില്‍ മായ്ച്ചുകളയാന്‍ പറ്റുന്നതല്ല, ചെറുതെങ്കിലും ആ അടയാളങ്ങള്‍. ‘ രാഷ്ട്രീയ സിനിമയെടുക്കുകയല്ല, രാഷ്ട്രീയമായി സിനിമയെ എടുക്കുകയാണ് വേണ്ടത്.’ എന്ന ഗൊദാര്‍ദിയന്‍ വിശ്വാസത്തിന്റെ ദൃശ്യസാക്ഷ്യങ്ങള്‍ തന്നെയാണ് ‘ ഇനിയും മരിക്കാത്ത നമ്മളും’ , ഒരേ തൂവല്‍ പക്ഷികളും’, ‘ മൗനം സൗമനസ്യ’വുമെല്ലാം.

ഇന്ത്യന്‍ ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും വിദേശനാടുകളിലുമെല്ലാം സഞ്ചരിച്ചുകൊണ്ട് രവീന്ദ്രന്‍ മലയാളികളോട് പറയാതെ പറഞ്ഞുവെച്ചത് വിശപ്പാണ് ചരിത്രത്തിന്റെ അടിസ്ഥാന ഇന്ധനം എന്നാണ്. കാരണമില്ലാതെ യാത്രചെയ്യുന്ന മനുഷ്യരുടെ ആത്മലിഖിതങ്ങളാണ് അപരിചിതമായ ഭൂഭാഗങ്ങളിലേക്കും അനുഭവത്തിന്റെ പുതിയ വന്‍കരകളിലേക്കും നമ്മെ ആനയിക്കുന്നത് എന്നതിന് നമ്മുടെ ഭാഷയില്‍ തൊട്ടുകാണിക്കാവുന്ന ഉദാഹരണങ്ങളാണ് രവീന്ദ്രന്റെ ഏത് ആവിഷ്‌കാരവും. വ്യക്തിയുടെ നിസ്സാരതയെയും, കൂട്ടായ അധ്വാനത്തിന്റെ പര്‍വ്വത നേട്ടങ്ങളെയും, നിര്‍വചനങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന മനുഷ്യന്‍ എന്ന പരികല്പനയെയും ചരിത്രത്തിന്റെ യാദൃശ്ചികതയെയും, മരണത്തിന്റെ അനിവാര്യതയെയും, അനശ്വരതയ്ക്കായുള്ള ആഗ്രഹങ്ങളെയും സ്വാര്‍ത്ഥത്തിന്റെയും കാരുണ്യത്തിന്റെയും ആവിഷ്‌കാരങ്ങളെയും, പ്രണയ-കാമങ്ങളുടെ ആദിമചോതനകളെയും, പരിമിതികളെ സാധ്യതകളാക്കുന്ന ഇച്ഛാശക്തിയെക്കുറിച്ചുമെല്ലാമുള്ള അമ്പരപ്പിക്കുന്ന ഓര്‍മ്മകള്‍ രവീന്ദ്രന്‍ എന്ന യാത്രികനെ നിരന്തരം പ്രചോദിതനാക്കി.

ചരിത്ര ഗ്രന്ഥങ്ങളിലൂടെ നമ്മള്‍ നേരത്തെ പരിചയപ്പെട്ട ഇടങ്ങള്‍ തന്നെയായിരിക്കാം രവീന്ദ്രന്‍ പുസ്തകങ്ങളിലും വിവരിക്കുന്നത്. അപ്പോഴും ഇത് സ്ഥലം വേറെയാണ് എന്നനുഭവിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് രവീന്ദ്രന്റെ വിജയം. അറിവും ചരിത്രബോധവും ഓര്‍മ്മകളും ഭാവനകളും സ്വാഭാവികമായി ലയിച്ചുചേരുന്ന ശൈലി രവീന്ദ്രന്റെ ആഖ്യാനത്തെ അനൗപചാരികമാക്കുന്നു. യാത്രാവിവരണങ്ങളായല്ല, ഓര്‍മ്മകളുടെ അയവെട്ടലായാണ് രവീന്ദ്രന്റെ ഏത് സഞ്ചാര കുറിപ്പുകളും നമുക്കനുഭവപ്പെടുന്നത്.

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായും ചലച്ചിത്രകാരനായും സഞ്ചാരസാഹിത്യകാരനായും പല വേഷങ്ങളില്‍ പകര്‍ന്നാടിയ ഒരു ജീവിതം അര്‍ധോക്തിയില്‍ അവസാനിച്ചു. അവസരങ്ങളെയും ഔന്നത്യങ്ങളെയും അംഗീകാരങ്ങളെയുമെല്ലാം അല്‍പം പരിഹാസത്തോടെ കണ്ട് പ്രതിഭയെ ധൂര്‍ത്തടിച്ച് കടന്നുപോയവരുടെ നിരയിലായിരക്കുമോ മലയാളം രവീന്ദ്രനെ പ്രതിഷ്ഠിക്കാന്‍ പോകുന്നത്.

Advertisement