ബെയ്ജിങ്: അറബ് പ്രക്ഷോഭങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ചൈനയില്‍ ജനാധിപത്യ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത എഴുത്തുകാരനെ ജയിലിലടച്ചു. ചൈനീസ് എഴുത്തുകാരനായ ചെന്‍ വെയെ ആണ് ജയിലിലടച്ചത്. ഒന്‍പതു വര്‍ഷത്തേക്കാണ് ചെന്‍ വെയെ ശിക്ഷിച്ചിരിക്കുന്നത്.

ചൈനയിലെ ഏകകക്ഷി സംവിധാനത്തെ ചോദ്യം ചെയ്ത് വിവിധ വിദേശ വെബ്‌സൈറ്റുകളില്‍ ചെന്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അറബ് വസന്തത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ട് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് ചൈനീസ് ഭരണകൂടം ജയിലിലടച്ച നൂറുകണക്കിന് പേരില്‍ ഒരാള്‍ മാത്രമാണ് ചെന്‍.

Subscribe Us:

അടച്ചിട്ട മുറിക്കുള്ളില്‍ രണ്ടു മണിക്കൂറോളം ചെന്നിനെ വിചാരണ ചെയ്തു. ‘ജനാധിപത്യം പുലരുക തന്നെ ചെയ്യും’ എന്ന് ചെന്‍ വിചാരണക്കിടെ പറഞ്ഞു. വിചാരണ പ്രഹസനമായിരുന്നുവെന്ന് ചെന്നിന്റെ ഭാര്യ ആരോപിച്ചു.

നൊബേല്‍ സമ്മാന ജേതാവ് ല്യു സിയാബോവോയ്‌ക്കൊപ്പം ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കായി തയ്യാറാക്കിയ പ്രകടന പത്രികയായ ചാപ്റ്റര്‍-08 ല്‍ ചെന്‍ ഒപ്പുവെച്ചിരുന്നു. ഇതിനു മുമ്പും ചെന്നിനെ ചൈനീസ് ഭരണകൂടം ജയിലിലടച്ചിട്ടുണ്ട്.

Malayalam News
Kerala News in English