ന്യൂദല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ലിയാങ് ഹുവാന്‍ ലീ പ്രോട്ടോക്കോള്‍ ലംഘിച്ചതായി ആരോപണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കിയതാണ് പ്രോട്ടോകോള്‍ ലംഘനമായത്.

ചൈനീസ് ഉദ്യോഗസ്ഥരെ മുംബൈയില്‍ നിന്നും ദല്‍ഹിയില്‍ എത്തിച്ചതിനുള്ള നന്ദി സൂചകമായി രണ്ട് പൈലറ്റുമാര്‍ക്ക് 50,000 രൂപവീതമാണ് ലിയാങ് പാരിതോഷികം നല്‍കിയത്. പാരിതോഷികമായി നല്‍കിയ രണ്ട് പാക്കറ്റുകള്‍ തുറന്നുനോക്കിയപ്പോഴാണ് പണമാണ് ലഭിച്ചതെന്ന് പൈലറ്റുമാര്‍ അറിഞ്ഞത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേന പ്രതിരോധമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തെഴുതി.

Ads By Google

പാരിതോഷികം തിരിച്ചുനല്‍കിയ ചൈനീസ് വികാരം വ്രണപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് ലഭിച്ച പണം നാളെ ട്രഷറിയില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചു.

വിദേശമന്ത്രാലയങ്ങള്‍ രാജ്യം സന്ദര്‍ശിക്കുന്നതിനിടെ ഇവിടുത്തെ പൈലറ്റുമാര്‍ക്ക് പാരിതോഷികം നല്‍കുന്നത് സാധാരണമാണ്. അതുകൊണ്ടാണ് ചൈനീസ് മന്ത്രി പാരിതോഷികം നല്‍കിയപ്പോള്‍ പൈലറ്റുമാര്‍ സ്വീകരിച്ചതെന്ന് ഐ.എ.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ സാധാരണഗതിയില്‍ പാരിതോഷികമായി പണം നല്‍കാറില്ലെന്നും അവര്‍ വ്യക്തമാക്കി.

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ചൈനീസ് സംഘം മുംബൈയിലെ ഇന്ത്യാ ഗെയ്റ്റ്, എലിഫെന്റ കെയ്‌വ്‌സ്, താജ്മഹല്‍, കുത്തബ്മിനാര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ചൊവ്വാഴ്ച രാവിലെ ഇവര്‍ തിരിച്ചുപോകും.