ബെയ്ജിംഗ്:ഓണ്‍ലൈനിലൂടെയുള്ള അവയവവില്‍പന സാധാരണമായ ചൈനയില്‍ 17 കാരന്‍ ഐപാഡ് വാങ്ങാന്‍ വൃക്ക വിറ്റു. ചൈനയിലെ സെംഗ് ആണ് ഈ സാഹസം ചെയ്തത്.

വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന അത്യാധുനിക ഐപാഡ് 2 വാങ്ങാനാണ് സെംഗ് ഓണ്‍ലൈനിലൂടെ തന്റെ വൃക്ക വിറ്റത്. മാതാവിനോടു കുറ്റസമ്മതം നടത്തിയതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

ഐപാഡിനായി ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നതിനിടെയാണ് ഓണ്‍ലൈനില്‍ വൃക്ക വാങ്ങാനും വില്‍ക്കാനുമുള്ള പരസ്യം സെംഗിന്റെ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍തന്നെ കച്ചവടം ഉറപ്പിച്ച സെംഗ് ഹുനാന്‍ പ്രവിശ്യയിലെ ചെംഗ്‌സു നഗരത്തിലെ ഒരു ആശുപത്രിയിലെത്തി വൃക്ക നല്‍കുകയായിരുന്നു. ആശുപത്രിച്ചെലവുകളെല്ലാംകഴിച്ച് 22,000 രൂപ സെംഗിനു ലഭിക്കുകയും ചെയ്തു.

ചൈനയില്‍ ഓണ്‍ലൈനിലൂടെയുള്ള അവയവ വില്‍പന സാധാരണമാണ്. ഇത് നിര്‍ത്തലാക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും കാര്യമായ ഫലം കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.