ബാങ്കോക്ക് : വരും വര്‍ഷങ്ങളില്‍ ശാസ്ത്ര മേഖലകളില്‍ ചൈന നിലവിലെ ശക്തികളായ അമേരിക്കയെ ബഹുദൂരം പിന്നിലാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ദേശീയ സയന്‍സ് അക്കാദമിയായ റോയല്‍ സൊസൈറ്റി നടത്തിയ പഠനത്തിലാണ് 2013ഓടെ ചൈന അമേരിക്കയെ മറികടക്കുമെന്ന റിപ്പോര്‍ട്ടുള്ളത്. കോമ്പസ്സ്,ഗണ്‍ പൗഡര്‍,പ്രിന്റിംഗ് എന്നിവയുടെ നിര്‍മ്മാണത്തില്‍ മുന്‍പന്തിയിലായിരുന്ന ചൈന ആഗോളതലത്തില്‍ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്.

അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നീ പരമ്പരാഗത ശക്തികളെ പിന്തള്ളിയാണ് ചൈന ശാസ്ത്ര മേഖലകളില്‍ അതിവേഗകുതിപ്പ് തുടരുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധീകരിരക്കപ്പെട്ട ജേണലുകളിലെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്.

വിശകലനത്തിന്റെ ആദ്യ വര്‍ഷമായ 1996ല്‍ യു എസ് ചൈനയെക്കാളും പത്തിരട്ടി, അതായത് ഏകദേശം മൂന്നുലക്ഷം പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍,2008ഓടുകൂടി യുഎസ് വളര്‍ച്ച മന്ദഗതിയിലായി. ഇക്കാലയളവില്‍ ചൈനയുടേത് രണ്ടുലക്ഷത്തിനടുത്തെത്തി. മുന്‍പത്തെ കണക്കുകൂട്ടല്‍ പ്രകാരം 2020ലായിരിക്കും ചൈന ആധിപത്യം സ്ഥാപിക്കുകയെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, കേവലം രണ്ടുവര്‍ഷം കൊണ്ട് മറികടക്കാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. ശാസ്ത്രമേഖലയില്‍ രണ്ടാമതുള്ള ബ്രിട്ടനെ പിന്തള്ളിയാണ് ചൈനീസ് കുതിപ്പ്.

ചൈന നടത്തുന്ന ഗവേഷണത്തിന്റെയും വികസനത്തിന്റെയും വ്യാപ്തി നോക്കുമ്പോള്‍ തല്ലും അമ്പരപ്പെടേണ്ടതില്ലെന്നാണ് പഠന സമിതിയുടെ അദ്ധ്യക്ഷനായ പ്രൊഫ.ക്രിസ് ലെവ്‌ലിന് സ്മിത്ത് അഭിപ്രായപ്പെടുന്നത്. അതേസമയം, അമേരിക്കയിലെ ഗവേഷണ ഫലങ്ങള്‍ അത്രകണ്ട് താഴേക്ക് പോകില്ലെന്നും ചൈനയുടെ വെല്ലുവിളി അതിജീവിക്കാനുള്ള സാധ്യതകള്‍ ജപ്പാനും ഫ്രാന്‍സിനുമുണ്ടെന്നും പഠനം പറയുന്നു.

കുതിപ്പിന്റെ പാതിയിലാണെങ്കിലും ശാസ്ത്രമേഖലയിലെ ചൈനയുടെ ഗുണനിലവാരം സംബന്ധിച്ച കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല.