എഡിറ്റര്‍
എഡിറ്റര്‍
ചൈനീസ് പുരാവസ്തു ഗവേഷകര്‍ മമ്മികളുടെ വസ്ത്രം സൂക്ഷിക്കുന്നു
എഡിറ്റര്‍
Wednesday 27th November 2013 5:51pm

mummy-striping

ബെയ്ജിങ്: ചൈനീസ് പുരാവസ്തു ഗവേഷകര്‍ മമ്മികളുടെ വസ്ത്രം അഴിച്ചെടുത്ത് സൂക്ഷിക്കുന്നു. ഉണങ്ങിയ ശവശരീരങ്ങളോടൊപ്പം ഈ പുരാതനവസ്ത്രങ്ങളും നശിക്കാതിരിക്കുന്നതിനാണിത്.

2200 വര്‍ഷം പഴക്കമുള്ള നാല് മമ്മികളുടെ വസ്ത്രങ്ങളാണ് ഇത്തരത്തില്‍ സൂക്ഷിക്കാനായി എടുത്തിരിക്കുന്നത്.

മൂന്ന് തലയോട്ടികളും ഏതാനും അസ്ഥികളുമാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഒരു പുരുഷന്റെയും രണ്ട് സ്ത്രീകളുടെയും ഒരു ചെറിയ ആണ്‍കുട്ടിയുടേതുമാണ് ഇവയെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

‘ഇത് ഒരു കുടുംബത്തെ ഒരുമിച്ച് അടക്കം ചെയ്തതാവാം. ഭര്‍ത്താവും രണ്ട് ഭാര്യമാരും ഒരു കുട്ടിയും.’ ഗവേഷകര്‍ പറയുന്നു.

കമ്പിളി പാന്റ്‌സ്, ചിത്രത്തുന്നലുകളുള്ള മേലങ്കി, ചെമ്മരിയാടിന്റെ തോല് കൊണ്ട് നിര്‍മ്മിച്ച കടുത്ത നിറമുള്ള ബൂട്ടുകള്‍ എന്നിവയാണ് ലഭിച്ചിരിക്കുന്നത്. ഇത് അക്കാലത്തെ കരകൗശലവേലകളിലേയ്ക്ക് വെളിച്ചം വീശുന്നു.

ഇതിലെ പുരുഷന്‍ കോട്ടിന്റെയുള്ളില്‍ ബ്രൗണും ചുവപ്പും നിറമുള്ള ബെല്‍റ്റ് ധരിച്ചിരുന്നു. ഇത് ലതറും കമ്പിളിയും ഉപയോഗിച്ചായിരുന്നു നിര്‍മ്മിച്ചിരുന്നത്. പച്ച നിറമുള്ള സില്‍ക്ക് ഉപയോഗിച്ച് ഇത് അലങ്കരിക്കുകയും ചെയ്തിരുന്നു.

കമ്പിളി കൊണ്ടുള്ള കോട്ടുകളായിരുന്നു സ്ത്രീകളുടെ വേഷം. അതിനുള്ളില്‍ സില്‍ക്ക് കൊണ്ടുള്ള സ്‌കാര്‍ഫുകളും ധരിച്ചിരുന്നു. വിലപിടിപ്പുള്ള കല്ലുകളും ലഭിച്ചിട്ടുണ്ട്. ഇത് മാലകളില്‍ നിന്നോ അരപ്പട്ടകളില്‍ നിന്നോ ഉള്ളതാണെന്ന് കരുതപ്പെടുന്നു.

‘വളരെ കുലീനമായ കുടുംബമായിരുന്നു ഇതെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം.’

2007-ല്‍ വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ഹൈവേ നിര്‍മാണത്തിനിടെയാണ് പുരാതന ശവകുടീരങ്ങളുടെ ഒരു കൂട്ടം തന്നെ കണ്ടെത്തിയത്.

വസ്ത്രം ധരിച്ച നിലയിലുള്ള മമ്മികളുടെ ഏകദേശം 31 ശവകുടീരങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗം വസ്ത്രങ്ങളും സില്‍ക്ക്, കമ്പിളി എന്നിവ കൊണ്ട് നിര്‍മ്മിച്ചതാണ്. ലോകത്തിലെ ആദ്യത്തെ കൃത്രിമ കാല്‍ കണ്ടെത്തിയതും ഇവിടെ നിന്നാണ്.

2200-2500 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഹാന്‍ വംശത്തിന്റെ കാലത്തുള്ളതാണ് ഇതെന്ന് പരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളിലെ വെള്ളപ്പൊക്കവും മറ്റും ഈ നാല് മമ്മികളെയും ഒരുമിച്ച് ഒരു പായ്ക്ക് ആക്കിയിരുന്നു. അതിനാല്‍ ഇവയില്‍ നിന്ന് വസ്ത്രങ്ങള്‍  വേര്‍പെടുത്തിയെടുക്കുക എന്നത് ഏറെ ദുഷ്‌കരമായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു.

വസ്ത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഇനിയും താമസിക്കുകയാണെങ്കില്‍ അത് മൃതദേഹങ്ങളോടൊപ്പം നശിച്ച് പോകുമായിരുന്നെന്ന് ഗവേഷകസംഘത്തിലെ വാങ് സിഖിയാങ് പറയുന്നു.

സിന്‍ജിയാങ് പ്രദേശത്തെ വരണ്ട കാലാവസ്ഥയും മണല്‍ നിറഞ്ഞ ഭൂപ്രകൃതിയും കാരണമാണ് ഈ വസ്ത്രങ്ങള്‍ നശിക്കാതിരുന്നത്.

വിവിധ രാജവംശങ്ങളുടെ കാലത്തെ നിരവധി മൃതദേഹങ്ങള്‍ പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണം സംഭവിക്കുകയും മമ്മിയായി മാറുകയും ചെയ്യുന്നു.

കണ്ടെടുത്ത മമ്മികള്‍ ഏറെക്കുറെ നശിച്ചു കഴിഞ്ഞിരുന്നു. തലയോട്ടികളും നട്ടെല്ലിന്റെ കുറച്ച് ഭാഗങ്ങളും മറ്റുമായിരുന്നു അവശേഷിച്ചിരുന്നത്. അത് സംരക്ഷിക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍ അവ പൂര്‍ണമായും നശിക്കുമായിരുന്നു.

‘പൂര്‍ണമായും ദ്രവിക്കുന്നതിന് അവയില്‍ നിന്നും വസ്ത്രങ്ങള്‍ വേര്‍പെടുത്തി സുരക്ഷിതമാക്കണമായിരുന്നു.’ അദ്ദേഹം പറഞ്ഞു.

അത് മാത്രമല്ല കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നത് വഴി അക്കാലത്തെ സാമൂഹ്യ ചുറ്റുപാടുകളും സാങ്കേതികവിദ്യകളും കൂടുതലായി മനസ്സിലാക്കാനും സാധിക്കും.

Advertisement