ബീജിങ്: ലോകമെങ്ങും പടരുന്ന സര്‍ക്കാര്‍ വിരുധ കലാപത്തിന്റെ അലയൊലികള്‍ ചൈനയിലും പ്രതിഫലിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കും സംഘം ചേരുന്നതിനും കര്‍ശന നിയന്ത്രണമുള്ള ചൈനയില്‍ ‘ ഓണ്‍ലൈന്‍ പ്രക്ഷോഭ’ മാണ് അരങ്ങേറുന്നത്.

അറബ് രാഷ്ട്രങ്ങളില്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവം ചൈനയിലേക്കും പരത്താനാണ് പ്രക്ഷോഭകാരികളുടെ ശ്രമം. ജനാധിപത്യപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന ആഹ്വാനത്തോടെയാണ് ഓണ്‍ലൈന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നത്.

യുവാക്കളും ചൈന പുറത്താക്കിയ രാഷ്ട്രീയ-സാമൂഹിക നേതാക്കളുമാണ് സമരാഹ്വാനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന് പുറത്തുനിന്ന് അവര്‍ ചൈനീസ് യുവജനതയെ ആവേശഭരിതരാക്കുന്നു.

ചൈനിയിലെ ഏറ്റവും വലിയ മൈക്രോബ്ലോഗായ വിയ്‌ബോയിലാണ് ഇത്തരം ജനാധിപത്യ ചര്‍ച്ചകള്‍ അധികവും നടക്കുന്നത്. അതുകൊണ്ടുതന്നെ മുല്ലപ്പൂ എന്നര്‍ത്ഥം വരുന്ന ‘ ജാസ്മിന്‍’ എന്ന പദം സെര്‍ച്ച് ചെയ്യുന്നതു തന്നെ സര്‍്ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

അതിനിടെ ‘ഓണ്‍ലൈന്‍ വിപ്ലവത്തിന്’ നേതൃത്വം നല്‍കുന്നവരെ പിടികൂടാനുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് കഫേകളിലും വീടുകളിലും വരെ പോലീസ് റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ഇതിനകംതന്നെ നൂറോള പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.