എഡിറ്റര്‍
എഡിറ്റര്‍
ബാഡ്മിന്റണ്‍ ഒത്തുകളി: പുറത്താക്കപ്പെട്ട ചൈനീസ് താരം കളി നിര്‍ത്തി
എഡിറ്റര്‍
Friday 3rd August 2012 9:41am

ബെയ്ജിങ്: വനിതാ ഡബിള്‍സ് ബാഡ്മിന്റണില്‍ ഒത്തുകളിച്ചുവെന്നതിന്റെ പേരില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍നിന്ന് പുറത്താക്കപ്പെട്ടവരിലൊരാളായ ചൈനയുടെ യു യാങ് എന്നന്നേക്കുമായി കളി  ഉപേക്ഷിച്ചു.

Ads By Google

തന്റെ സ്വപ്നങ്ങള്‍ യാതൊരു ദയയും കൂടാതെ തകര്‍ത്തുകളഞ്ഞതിന്റെ പേരിലാണ് ബാഡ്മിന്റണ്‍ കളി അവസാനിപ്പിക്കുന്നതെന്ന് യാങ് പറഞ്ഞു.

‘ഇത് എന്റെ അവസാന മത്സരമായിരുന്നു. ബാഡ്മിന്റണും ലോകഫെഡറേഷനും വിട. നിങ്ങള്‍  എന്റെ സ്വപ്നങ്ങളെ തകര്‍ത്തു കളഞ്ഞു’- 2008 ബെയ്ജിങ് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായ യു യാങ് ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റായ വെയ്‌ബോയുടെ പ്രൊഫൈല്‍ പേജില്‍ എഴുതി.

ലോകബാഡ്മിന്റണില്‍ ചൈനയുടെ സൂപ്പര്‍ താരങ്ങളിലൊരാളാണ് യു യാങ്. പാരിസില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായിരുന്നു യു യാങ്- വാങ് സിയാവോലി സഖ്യം.

യു യാങ് കളി അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയപ്പോള്‍ ചിലര്‍ സഹതാപപൂര്‍വം പിന്തുണച്ചപ്പോള്‍ മറ്റു ചിലര്‍ ഇതാണ് ശരിയായ തീരുമാനമെന്ന മട്ടിലാണ് പ്രതികരിച്ചത്.

ബുധനാഴ്ച വാങ് സിയാവോലി- യു യാങ് സഖ്യം ദക്ഷിണ കൊറിയയുടെ ജുങ് ക്യുങ് ഉണ്‍- കിം ഹാ ന സഖ്യത്തെ നേരിട്ട കളിയിലായിരുന്നു വിവാദത്തിന്റെ തുടക്കം. രണ്ടുടീമുകളും പിഴവു വരുത്തി പോയിന്റ് വഴങ്ങുന്നതിന് മത്സരിച്ചതോടെ റഫറിയാണ് കുഴങ്ങിയത്.

കാണികള്‍ കൂവല്‍ തുടങ്ങുകയും ചെയ്തു. പലവട്ടം മുന്നറിയിപ്പുകൊടുത്തിട്ടും കളിക്കാര്‍ നിലപാടില്‍നിന്നു മാറിയില്ല. ഒടുവില്‍ ദക്ഷിണ കൊറിയ 18-21, 21-14, 21-12നു കളി ജയിച്ചു.

ഇതേത്തുടര്‍ന്ന് ലോകബാഡ്മിന്റണ്‍ ഫെഡറേഷന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ യു യാങ് അടക്കം എട്ടുതാരങ്ങളെ അയോഗ്യരാക്കുകയായിരുന്നു.

ഭാവിയില്‍ ഒരു മത്സരത്തിലും ഇവര്‍ക്കു പങ്കെടുക്കാന്‍ കഴിയില്ല. രണ്ടു ദക്ഷിണ കൊറിയന്‍ ജോഡികളും ഒരു ഇന്തോനേഷ്യന്‍ ടീമുമാണ് ഒത്തുകളിയുടെ പേരില്‍ പുറത്താക്കപ്പെട്ട മറ്റുള്ളവര്‍.

Advertisement