ചൈന: ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ സുരക്ഷയക്കും പാരിസ്ഥിതിക സംരക്ഷണത്തിനും ഉന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി പത്ത് മാരക കീടനാശിനികള്‍ നിരോധിക്കാന്‍ ചൈന ഒരുങ്ങുന്നു. ഈ വര്‍ഷമവസാനത്തോടെ നിരോധനം നടപ്പില്‍ വരുത്താനാണ് ശ്രമമെന്ന് ചൈനീസ് അഗ്രികള്‍ച്ചറല്‍ മിനിസ്റ്ററി ചൊവ്വാഴ്ച വ്യക്തമാക്കി.

ഇതിന്റെ മുന്നോടിയായി നിരോധിക്കപ്പെടേണ്ട കീടനാശിനികളുടെ പട്ടിക ഉള്‍പ്പെടുന്ന പദ്ധതി അംഗീകാരത്തിനായി ക്യാബിനറ്റിന്റെ മുന്നില്‍ സമര്‍്പ്പിച്ചതായി കൃഷി മന്ത്രാലയത്തിലെ ഉന്നത ഉദ്ധ്യോഗസ്ഥന്‍ പറഞ്ഞു. ക്യാബിനറ്റ് പദ്ധതി അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഫെനാമിഫോസ്,ഫോനോഫോസ് തുടങ്ങി പത്ത് മാരകകീടനാശിനികളുടെ ഉല്‍പ്പാദനം വരുന്ന് ഒക്ടോബറോടെയും ഇവയുടെ വില്‍പ്പനയും ഉപയോഗവും 2013 ഒക്ടോബറോടെയും നിര്‍ത്തലാക്കും.

നിലവില്‍ അരിയടക്കമുള്ള 900 ത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്കായി നാനൂറിലധികം കമ്പനികള്‍ മാരകമായ 22 വ്യത്യസ്ത കീടനാശിനികള്‍ ചൈനയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നിരോധിക്കപ്പെട്ട കീടനാശിനികളുടെ അനധികൃത ഉല്‍പ്പാദനവും വില്‍പ്പനയും കര്‍ശനമായി തടയുമെന്നും ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.