Administrator
Administrator
സ്വര്‍ണ്ണ ഉപഭോഗത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമാകുന്നു
Administrator
Saturday 18th February 2012 1:00pm

മുംബൈ: സ്വര്‍ണ്ണ ഉപഭോഗത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമാകുന്നു. ചൈനയാണ് സ്വര്‍ണ്ണ ഉപഭോഗത്തില്‍ ഇന്ത്യയെ പിന്നിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ ചൈന ഇന്ത്യയെ പിന്നിലാക്കിയിരുന്നു. അതിനാല്‍ അടുത്ത വര്‍ഷം തന്നെ ഇന്ത്യ രണ്ടാം സ്ഥാനത്താകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു. പക്ഷേ, കലണ്ടര്‍ വര്‍ഷം മൊത്തമായി എടുക്കുമ്പോള്‍ ആഗോള സ്വര്‍ണ ഉപഭോഗത്തില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

2011 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയില്‍ വിറ്റത് 173 ടണ്‍ സ്വര്‍ണമാണ്. ചൈനയില്‍ ഇത് 190.9 ടണ്ണാണ്. ഈ കാലയളവില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ അളവിലുണ്ടായ കുറവ് മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് 44 ശതമാനമാണ്. എന്നാല്‍ ചൈനയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി 20 ശതമാനം വര്‍ധനവാണ് ഓരോ വര്‍ഷവും സ്വര്‍ണ്ണ വില്‍പനയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ലോകത്താകമാനം വിറ്റഴിച്ചതില്‍ 55 ശതമാനം സ്വര്‍ണ്ണവും ഇന്ത്യയിലും ചൈനയിലുമാണ്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം 933.4 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ വിറ്റത്. ഇതില്‍ 500 ടണ്ണും സ്വര്‍ണാഭരണങ്ങളായിരുന്നു. ചൈനയില്‍ വിറ്റത് 769.8 ടണ്‍ സ്വര്‍ണമാണ്.

ആഗോള തലത്തിലാണെങ്കില്‍, 20550 കോടി ഡോളര്‍ വിലവരുന്ന 4,067.1 ടണ്‍ സ്വര്‍ണം 2011ല്‍ ലോകത്ത് വിറ്റു.

Malayalam News

Kerala News In English

Advertisement