ബെയ്ജിംഗ്: ലോകബാങ്കിന്റെ തലപ്പത്ത് അമേരിക്കക്കാരന്‍ തന്നെ വേണ്ടെന്ന് ചൈന. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വേണം ലോകബാങ്ക് മേധാവിയെ തിരഞ്ഞെടുക്കാന്‍ എന്നാണ് ചൈന പറഞ്ഞിരിക്കുന്നത്. ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അമേരിക്കക്കാരനായ റോബര്‍ട്ട് സോളിക് പടിയിറങ്ങുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ പ്രസ്താവനകള്‍ വന്നിരിക്കുന്നത്.

റോബര്‍ട്ട് സോളികിന്റെ സ്ഥാനത്തേക്ക് മറ്റൊരു അമേരിക്കക്കാരന്‍ തന്നെ വരേണ്ടതില്ല. യോഗ്യത മാനദണ്ഡമാക്കി വേണം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് പറഞ്ഞതായി ഫിനാന്‍ഷന്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ലോകബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സോളിക് ജൂണില്‍ താന്‍ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചത്. ഐഎംഎഫിന്റെ തലപ്പത്തേക്ക് പുതിയ ആളെ നിയമിക്കുന്ന സമയത്തും ചൈന ഇത്തരത്തില്‍ ഇടപെട്ടിരുന്നു.

Malayalam News

Kerala News In English