ബെയ്ജിങ്: ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച് ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് ചൈന. അന്തര്‍ദേശീയ രംഗത്തെ ഇന്ത്യയുടെ സ്ഥാനം മാനിക്കുന്നതായും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹോങ് സീ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചൈനയുടെ പുതു നിലപാടും യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതായി.

ഐക്യരാഷ്ട്ര സഭയില്‍ നിര്‍ണായക പങ്കുവഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ മനസ്സിലാക്കുന്നു. രക്ഷാസമിതി വിപുലീകരിക്കുവാന്‍ ഇന്ത്യയുള്‍പ്പെടയുള്ള മറ്റു രാജ്യങ്ങളുമായി ചര്‍ച്ചക്ക് സന്നദ്ധമാണ്. രക്ഷാസമിതി വിപുലീകരിക്കാനുള്ള ആവശ്യത്തെ ചൈന അംഗീകരിക്കുന്നു. എന്നാല്‍ സമിതിയില്‍ വികസ്വരരാജ്യങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം
നല്‍കുന്നതിനാണ് ചൈന മുന്‍ഗണന നല്‍കുന്നതെന്നും ഹോങ് സീ വിശദീകരിച്ചു.

രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെയും വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെയും ചൈന സന്ദര്‍ശനവേളകളില്‍ ഈ വിഷയം ചര്‍ച്ചയായതായും അദ്ദേഹം വെളിപ്പെടുത്തി.

ഐക്യരാഷ്ട്ര സഭയില്‍ വീറ്റോ പവര്‍ ഉള്ള നിലവിലെ സ്ഥിരാംഗങ്ങളായ റഷ്യയും, ബ്രിട്ടനും, ഫ്രാന്‍സും നേരെത്തെ തന്നെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു അനുകൂലമായ  നിലപാട് സ്വീകരിച്ചിരുന്നു. ചൈനയുടെയും അമേരിക്കയുടെയും കൂടി പിന്തുണ ലഭിക്കുന്നതോടെ നീണ്ട കാലമായുള്ള ഇന്ത്യയുടെ സ്ഥിരാംഗത്വമെന്ന ആവശ്യത്തിനു പരിഹാരമായേക്കാം.