lബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാന്‍ ചൈന ഒരുങ്ങുന്നു. ഒന്‍പത് റണ്‍വേകളുള്ള ബെയ്ജിങ് ഡാക്‌സിങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ രൂപരേഖയാണ് ചൈന തയ്യാറാക്കിയിരിക്കുന്നത്. സര്‍ നോര്‍മന്‍ ഫോസ്റ്ററാണ് വിമാന താവളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 21 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ നിര്‍മിക്കാനൊരൂങ്ങുന്ന വിമാനത്താവളത്തില്‍ ഒരു ദിവസം 3,70,000 യാത്രക്കാരെ കടത്തിവിടാന്‍ കഴിയും.

ബെയ്ജിങ്ങിനു തെക്ക് ഭാഗത്തായി ഡാക്‌സിങ് പട്ടണത്തിലാണ് ചൈന വിമാനതാവളം നിര്‍മ്മിക്കാനൊരുങ്ങുന്നത്. പുതിയ വിമാനതാവളം പണികഴിയുന്നതോടെ ബെയ്ജിങ്ങിനു പുറമെ ട്രയാഞ്ചിന്‍, ഹീബേയ് എന്നീ നഗരങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടും. നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ബീജിംഗിലെ മൂന്നാമത്തെ വിമാനതാവളമാവും ബെയ്ജിങ് ടാക്‌സിങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.

നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര വേണ്ടിവരുന്ന നിര്‍ദ്ദിഷ്ട പദ്ദധി പ്രദേശത്തേക്ക് അതിവേഗ ട്രെയിന്‍ ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്. വിമാനത്താവളത്തിലെ ഒന്‍പതു റണ്‍വേകളില്‍ എട്ടെണ്ണം യാത്രക്കാര്‍ക്കും ഒരെണ്ണം സൈന്യത്തിനും വേണ്ടിയുള്ളതായിരിക്കുമെന്ന് ചൈന യുണൈറ്റഡ് എയര്‍ലൈന്‍സ് ജനറല്‍ മാനേജര്‍ യാവോ വെയ്ഹുയി പറഞ്ഞു.