Categories

ഒറ്റക്കുട്ടി നയത്തില്‍ ചൈന അയവ് വരുത്തുന്നു

Earth Quake, China

ബീജിങ്: ഒറ്റക്കുട്ടി നയത്തില്‍ ചൈന ഇളവ് അനുവദിക്കുന്നു. ഗോത്രവിഭാഗങ്ങള്‍ക്കും ഗ്രാമനിവാസികള്‍ക്കും ഒഴികെ മറ്റെല്ലാ കുടുംബങ്ങളിലും ഒരു കുട്ടി മാത്രമേ പോടുള്ളു എന്ന 1979-ലെ നിയമത്തിന് ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.

അടുത്തിടെ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി 18-ാം കേന്ദ്രകമ്മറ്റിയുടെ മൂന്നാം പ്ലീനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഒറ്റക്കുട്ടി നയം റദ്ദാക്കുമെന്നും ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍  വരെയാകാമെന്ന് പുതിയ നിയമം കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്ത് വൃദ്ധജനങ്ങലുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും യുവാക്കളുടെ എണ്ണം കുറയുന്നതും ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നു. ഇത് മൂലമുണ്ടായ ഗുരുതരമായ സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം ആലോചിക്കുന്നത്.

രാജ്യത്തെ മനുഷ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുക, മനുഷ്യാവകാശം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്ന് സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നു.

ചൈനയില്‍ ഒറ്റക്കുട്ടി നയം വളരെ കര്‍ശനമായിരുന്നു. നിയമം ലംഘിക്കുന്ന മാതാപിതാക്കളെ വിചാരണ കൂടാതെ തടവിലിടുന്നതടക്കമുള്ള കര്‍ശനനടപടികളാണ് അധികൃതര്‍ സ്വീകരിച്ചിരുന്നത്. ഇത് ഗര്‍ഭച്ഛിദ്രമടക്കമുള്ള അനീതികള്‍ക്ക് കാരണമായതായി സര്‍ക്കാരിന്റെ മനുഷ്യാവകാശ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ലിംഗനിര്‍ണയം നടത്തിയുള്ള ഗര്‍ഭച്ഛിദ്രവും ചൈനയില്‍ സാധാരണമാണ്.

ഒറ്റക്കുട്ടി നയം രാജ്യത്തിന്റെ ജനസംഖ്യയിലും സാമൂഹ്യ സാഹചര്യങ്ങളിലും കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2050-ഓടെ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ 25 ശതമാനവും 65-ന് മുകളില്‍ പ്രായമുള്ളവരായിരിക്കും എന്നാണ് വിലയിരുത്തല്‍.

ഒറ്റക്കുട്ടി നയം കൂടാതെ കാലങ്ങളായി രാജ്യത്ത് തുടര്‍ന്ന് വരുന്ന പല നിയമങ്ങളും നയങ്ങളും റദ്ദാക്കാനും പരിഷ്‌കരിക്കാനും പ്ലീനത്തില്‍ തീരുമാനമായിട്ടുണ്ട്.

Tagged with: