ബെയ്ജിംഗ്: ചൈനയിലെ പുതിയ നയത്തിന്റെ ഭാഗമായുള്ള ചെലവുചുരുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട്  ചൈനയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശ കാറുകളെ ഒഴിവാക്കാന്‍ നിര്‍ദേശം.

സര്‍ക്കാര്‍ വകുപ്പുകളില്‍ വാങ്ങിക്കൂട്ടുന്ന വിദേശകാറുകളുടെ എണ്ണം കുറച്ച് ചൈനയില്‍ തന്നെ  നിര്‍മിക്കുന്ന വാഹനങ്ങള്‍ വാങ്ങാനാണ് പുതിയ നിര്‍ദേശം. വിദേശകാറുകള്‍ക്കായി സര്‍ക്കാര്‍ കോടി കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചിലവാക്കുന്നത്. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉദ്യമത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്.

ചെനയിലെ സര്‍ക്കാര്‍ വകുപ്പുകളിലേക്കായി പ്രതിവര്‍ഷം 412 ഓളം കാറുകള്‍ വാങ്ങിക്കൂട്ടുന്നുണ്ട്. ഇതില്‍ തന്നെ  80 ശതമാനം സര്‍ക്കാര്‍ വാഹനങ്ങളും വിദേശത്തുനിന്നാണ്് വാങ്ങിയത്.

ടാറ്റാ മോട്ടോഴ്‌സിന്റെ ലാന്‍ഡ്‌റോവര്‍, ഫോക്‌സ്‌വാഗന്‍, ഓഡി, ബിഎംഡബ്ല്യു, മെഴ്‌സിഡിസ് ബെന്‍സ്, ടൊയോട്ട കാമ്‌റി, ഹോണ്ട അക്കോര്‍ഡ് തുടങ്ങിയ മോഡലുകളാണ് ഇപ്പോള്‍ ചൈനയിലെ വിവിധ സര്‍ക്കാര്‍ വകുപ്പു മേധാവികള്‍ ഉപയോഗിക്കുന്നത്.

സര്‍ക്കാര്‍ കാറുകളായ ബ്ലാക്ക് ഓഡി എ 6 പലപ്പോഴും ബെയ്ജിംഗില്‍ വാഹനക്കുരുക്ക് സൃഷ്ടിക്കുന്നതായി ജനങ്ങളില്‍ നിന്നു വ്യാപകമായ പരാതിയും ഉയര്‍ന്നിരുന്നു. പലപ്പോഴും ഈ കാറുകളില്‍ യാത്ര ചെയ്യുന്ന  ഉദ്യോഗസ്ഥര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതായും പരാതിയുണ്ട്.

ആഡംബരക്കാറുകള്‍ക്കായി 2010 ല്‍ 60,000 കോടിയോളം രൂപയാണ് സര്‍ക്കാരിന് ചെലവഴിക്കേണ്ടിവന്നത്. അതുകൊണ്ട് തന്നെ ചൈനയുടെ സ്വന്തം കാര്‍ നിര്‍മ്മാണ കമ്പനിയായ സയിക് മോട്ടോര്‍, എഫ് എ ഡബ്ല്യു തുടങ്ങിയവയുടെ വാഹനങ്ങള്‍ വാങ്ങിയാല്‍ മതിയെന്നാണു പുതിയ നിര്‍ദേശം.

ഇതുകൂടാതെ ചൈനയിലെ നിരവധി  കാര്‍ കമ്പനികളുടെ പേരും സര്‍്ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ഓഹരി വിപണിയില്‍ സ്വദേശ കമ്പനികളുടെ വില കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ മാസമാണ് ഇതുസംബന്ധിച്ച വിഞ്ജാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇത്തരമൊരു പ്രഖ്യാപനം യൂറോപ് ,ഏഷ്യ ,യു.കെ ,യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Malayalam News

Kerala News In English