ജമ്മു: പാക് അധീന കശ്മീരില്‍ ചൈനീസ് സൈന്യത്തിന്റെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ചൈനീസ് ട്രൂപ്പുകള്‍ നിയന്ത്രണരേഖയ്ക്കരികിലാണ് വിന്യസിക്കപ്പെട്ടിട്ടുള്ളതെന്നും ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈനയുടെ കാലടയാളങ്ങള്‍ ഇന്ത്യയുടെ സമീപത്തേക്ക് അടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗില്‍ഗിറ്റ്, ബാല്‍ടിസ്റ്റാന്‍, വടക്കന്‍ കശ്മീര്‍ എന്നിവിടങ്ങളിലെ ചൈനയുടെ സാന്നിധ്യം വര്‍ദ്ധിച്ചിരിക്കുകയാണ്. യു.എസും പാക്കിസ്ഥാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുകയാണെങ്കില്‍ എന്തായിരിക്കും ചൈനയുടെ നിലപാട് എന്തായിരിക്കുമെന്നതിനെ കുറിച്ച് പലയാളുകള്‍ക്കും ആധിയുണ്ടെന്നും വടക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റിനന്റ് ജനറല്‍ കെ.ടി പര്‍നായിക് കഴിഞ്ഞാഴ്ച ഒരു സെമിനാറില്‍ പങ്കെടുക്കവെ പറഞ്ഞിരുന്നു.

പാക് അധീന കാശ്മീരുമായുള്ള ചൈനയുടെ ബന്ധം ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള ചങ്ങാത്തത്തിന് ഊര്‍ജം പകരും. ഇത് ഇന്ത്യയുടെ സുരക്ഷിതത്വത്തിന് വന്‍ഭീഷണിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഇവിടങ്ങളില്‍ നിരവധി റോഡുകളും പവ്വര്‍‌സ്റ്റേഷനുകളും ചൈന നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇവിടെ റോഡുകളുടെ ഒരു ശൃംഖല തന്നെ നിര്‍മ്മിക്കുക എന്നതാണ് ചൈന ലക്ഷ്യമിടുന്നത്. ചൈനയിലെ ഹൈവേകളില്‍ നിന്നും ഇവിടങ്ങളിലെ പ്രധാന സൈനികകേന്ദ്രങ്ങളിലേക്കും, പ്രതിരോധ സ്ഥാപനങ്ങളിലേക്കും ചൈന റോഡ് നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.