16 ഏഷ്യന്‍ ഗെയിംസ് ഇന്ന് ചൈനയില്‍ ആരംഭിക്കുകയാണ്. ഇന്ന് അഞ്ചേ മുപ്പതിന്‍ ചൈനയിലെ ഗുവാങ്ഷു സ്റ്റേഡിയത്തില്‍ ഗെയിംസ് ആരംഭിക്കും. ഗെയിംസ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ചൈനയുടെ ഒരുക്കങ്ങള്‍ ലോകശ്രദ്ധ നേടിക്കഴിഞ്ഞു.

കുറച്ച് മുന്‍പ്, ഒക്ടോബര്‍ മൂന്ന് മുതല്‍ 14വരെ ഡല്‍ഹിയില്‍ ഇന്ത്യ ഒരു കായിക മാമാങ്കം നടത്തി. കോമണ്‍വെല്‍ത്ത് ഗെയിംസ്. ഇതിന്റെയും ഒരുക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ആഘോഷമായിരുന്നു. പക്ഷേ അത് നടത്തിപ്പിന്റെ പിടിപ്പുകേടുകൊണ്ടായിരുന്നെന്നതാണ് വ്യത്യാസം.

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താനായി ഇന്ത്യ ബുദ്ധിമുട്ടിയത് എത്രമാത്രമായിരുന്നെന്ന് ഇന്ത്യക്കാര്‍ക്ക് നന്നായി അറിയാം. ഗെയിംസ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ചീത്തപ്പേര് ഒരുപാടായി.

ഗെയിംസിന്റെ ഒരുക്കങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നു എന്നായിരുന്നു ആദ്യത്തെ പ്രശ്‌നം. ഗെയിംസ് നടത്താന്‍ കഴിയുമോ എന്നു തന്നെ സംശയമായിരുന്നു. ഒരുക്കങ്ങള്‍ തട്ടിക്കൂട്ടി ഒപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അതിന്റെ പേരിലുണ്ടായ കോടികളുടെ അഴിമതി മറ്റൊരു നാണക്കേടായി. കല്‍മാഡിയും കൂട്ടരും ലോകജനതയ്ക്കുമുന്‍പില്‍ കുപ്രസിദ്ധി നേടി. എന്തായാലും ഒരു കാര്യത്തില്‍ ഇന്ത്യയ്ക്ക് സമാധാനിക്കാം. അഴിമതിയില്‍ ഞങ്ങള്‍ തന്നെയാണ് മുന്നിലെന്ന്!

ഉത്തേജകം ചെറിയ നാണക്കേടുണ്ടാക്കിയെങ്കിലും ആരുടെയൊക്കെയോ പ്രാര്‍ത്ഥന കൊണ്ട് ഗെയിംസ് നടത്തിക്കൂട്ടാനായി. പക്ഷേ ഗെയിംസിന്റെ കൊടി ഇറങ്ങിയപ്പോഴേക്കും വീണ്ടും വിവാദക്കൊടി ഉയര്‍ന്നു. സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിലും വലിയ നാണക്കേട് വരാനുണ്ടെന്നര്‍ത്ഥം.

ചൈനയോ, കഴിഞ്ഞ ഒളിബിംക്‌സ് നടന്ന ബെയ്ജിങില്‍ നിര്‍മിച്ച കിളിക്കൂട് വില്ലേജ് ഉണ്ടായിരുന്നിട്ടും അത് മോഡി പിടിപ്പിച്ചില്ല. മറിച്ച് ഏഷ്യന്‍ ഗെയിംസിനായി മറ്റൊരു ഗെയിംസ് വില്ലേജ് ഉണ്ടാക്കി. ഇതിന്റെ ഗുണം അവിടുത്തെ താരങ്ങള്‍ക്കും കൂടിയാണ്. കാരണം ഇത്തരം ഒരു സ്റ്റേഡിയം നിര്‍മ്മിച്ചാല്‍ പിന്നീടും ഇത് ഉപയോഗിക്കാം എന്ന് കരുതി. എന്നാല്‍ നല്ല ബുദ്ധിമാന്‍മാരാണെന്നവകാശപ്പെടുന്ന ഇന്ത്യ ചെയ്തതെന്തെന്നോ ഡല്‍ഹിയിലെ ചില സ്ഥലങ്ങള്‍ കണ്ടെത്തി തല്‍ക്കാലത്തേക്ക് മോഡി കൂട്ടി പേരിനൊരു ഗെയിംസ് വില്ലേജ് ഉണ്ടാക്കി. ഇതുകൊണ്ട് പണം വെറുതെ നശിപ്പിക്കാന്‍ കഴിഞ്ഞു. കൂടാതെ കോടികള്‍ പലര്‍ക്കും സ്വന്തം കീശയിലാക്കാനും കഴിഞ്ഞു.

ഇന്ത്യയ്ക്ക് കണ്ടുപഠിക്കാം ചൈനീസ് മാതൃക