വാഷിംഗ്ടണ്‍: ശൂന്യാകാശ പരീക്ഷണ-നിരീക്ഷണങ്ങള്‍ തുടങ്ങിയിട്ട് അധികമായില്ലെങ്കിലും അവിടെ ഏറ്റവുമധികം പാഴ് വസ്തുക്കള്‍ നിക്ഷേപിക്കുന്നത് ചൈനയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ ‘റോസ്‌കോസ്‌മോസ്’ നടത്തിയ പഠനങ്ങളാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ശൂന്യാകാശത്ത് പാഴ് വസ്തുക്കളില്‍ 40 ശതമാനവും നിക്ഷേപിക്കുന്നത് ചൈനയാണ്. 27.5 ശതമാനത്തോടെ അമേരിക്കയും 25 ശതമാനത്തോടെ റഷ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഉപയോഗശൂന്യമായ ഒരു കാലാവസ്ഥാ ഉപഗ്രഹം 2007ല്‍ ചൈനീസ് പട്ടാളം തകര്‍ത്തതിനെത്തുടര്‍ന്ന് വന്‍തോതിലുള്ള പാഴ് വസ്തുക്കളാണ് ശൂന്യാകാശത്ത് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.

ഉപയോഗശൂന്യമായ ബഹിരാകാശ യാത്രാവിമാനങ്ങള്‍, വിവിധരാജ്യങ്ങള്‍ വിക്ഷേപിച്ച റോക്കറ്റുകളുടെ അവശിഷ്ടങ്ങള്‍, മറ്റുവസ്തുക്കള്‍ എന്നിവയാണ് ശൂന്യാകാശത്തെ പാഴ് വസ്തുക്കളില്‍ അധികവും. അതിനിടെ ഇത്തരം പാഴ് വസ്തുക്കളുടെ ഉല്‍സര്‍ജ്ജനം നിയന്ത്രിക്കാനായി റഷ്യയുടെ നേതൃത്വത്തില്‍ ഒരു മോണിറ്ററിംഗ് സംവിധാനം രൂപീകരിക്കാനും പദ്ധതിയുണ്ട്.