വാഷിംഗ്ടണ്‍: മുന്‍കരുതല്‍ എന്ന നിലക്ക് കൂടുതല്‍ സാങ്കേതിക മികവാര്‍ന്ന ആണവ ശേഷിയുള്ള മിസൈലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന വിന്യസിക്കുന്നതായി പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പ്രതിസന്ധകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിന് വേണ്ടിയുള്ള വാര്‍ഷിക റപ്പോര്‍ട്ടില്‍ പെന്റഗണിന്റെ ഈ പ്രസ്താവന.

പ്രധാനമായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത് പടിഞ്ഞാറന്‍ ചൈനയുടെ അടിസ്ഥാന സൗകര്യ വികസനവും പീപ്പിള്‍സ് ലിബറേഷന്‍ അര്‍മിയുടെ സുഗമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ്. പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൈനിക ബന്ധത്തിന്റെ അടയാളങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും മധ്യ ഏഷ്യയുലുമെല്ലാം കാണുന്നുണ്ടെന്നും പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചൈനയുടെ പരമ്പരാഗത ആയുധ ഉപഭോക്താക്കളായി പാകിസ്ഥാന്‍ ഇപ്പോഴും തുടരുകയാണ്.

അതിര്‍ത്തിയില്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടി വന്‍തോതില്‍ പണമാണ് ബെയ്ജിംഗ് ഒഴുക്കുന്നത്. റോഡ് റെയില്‍പാത നിര്‍മ്മാണമെല്ലാം ദ്രുതഗതിയിലാണ്. രണ്ട് അയല്‍പക്കക്കാരും തര്‍ക്ക സ്ഥലങ്ങളിന്‍മേല്‍ പല തവണ കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ട്. ഇന്തോ-ചൈന പ്രബല ഉടമ്പടി നടപ്പിലായത് 2007 ലായിരുന്നു. 2010ല്‍ ഇന്ത്യയുടെ ഒരു മുതര്‍ന്ന ജനറല്‍ പദവിയിലുള്ള ഉദ്യോഗസ്ഥന് വിസ നിഷേധിച്ചതിന് ശേഷം ബന്ധത്തില്‍ വീണ്ടും ഉലച്ചില്‍ തട്ടിയത്. ഇന്തോ-ചൈന ബന്ധത്തിന്മേല്‍ സംഭാഷണങ്ങള്‍ തുടരുമ്പോഴും വ്യാപാര ബന്ധം നിലനില്‍ക്കുമ്പോഴും അതിര്‍ത്തിയെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്.