പോപ്പ് ഗായിക ലേഡിഗാഗയുടെയും ബാക്ക് സ്ട്രീറ്റ് ബോയ്‌സിന്റെയും ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ വെബ്‌സൈറ്റുകള്‍ക്ക് ചൈനയില്‍ നിരോധനം. ചൈനീസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ല ഈ ഗാനങ്ങള്‍ എന്നുകണ്ട് സാംസ്‌കാരിക വിഭാഗമാണ് നിരോധനം എര്‍പ്പെടുത്തിയത്.

ഗാഗയുടെ ദ എഡ്ജ് ഓഫ് ഗ്ലോറി, ഹെയര്‍, മാരി ദ നൈറ്റ്, ബ്ലൂഡി മാരി തുടങ്ങിയ ആല്‍ബങ്ങളാണ് നിരോധിച്ചത്. രാഷ്ട്രീയ വികാരങ്ങള്‍ ഉണര്‍ത്തുന്നതോ, കുറ്റകരമോ ആയ യാതൊന്നും ഇതില്‍ ഇല്ലെന്ന് സെന്‍സറിംങ് കണ്ടെത്തിയിട്ടും എന്തിനാണ് ഗാനം നിരോധിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സാംസ്‌കാരിക വിഭാഗം തയ്യാറായിട്ടില്ല. ചൈനയുടെ സംസ്‌കാരത്തിന് ഇവരുടെ ഗാനങ്ങള്‍ ഭീഷണിയാണെന്നുമാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഇവര്‍ പറഞ്ഞത്.

ദ ബ്ലാക്ക് സ്ട്രീറ്റ് ബോയ്‌സിന്റെയും അമേരിക്കന്‍ ഗായകന്‍ ബെയോണ്‍സിയുടെയും, കാനഡയുടെ സിംപിള്‍ പ്ലാനിന്റെയും, ബ്രിട്ടന്റെ പോപ് ഗ്രൂപ്പിന്റെയും ഗാനങ്ങളും നിരോധിച്ചിട്ടുണ്ട്. തായ് വാന്‍ ഗായികയായ ചാങ്ക് ഹ്യുയ്- മിയാണ് വിലക്കപ്പെട്ട ഏഷ്യന്‍ ഗായിക.

ഇവരുടെ ഗാനങ്ങള്‍ നിരോധിച്ചതിനു പുറമേ ചൈനയില്‍ പരിപാടികള്‍ നടത്തുന്നതും വിലക്കിയിട്ടുണ്ട്. പരിപാടികള്‍ക്കായി ഇവരെ ചൈനയിലേക്ക് ക്ഷണിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്നും ചൈനീസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.